ഇസ്രായേലിൻറെ ഉറക്കംകെടുത്തി ഹിസ്ബുല്ലയുടെ പുതുതലമുറ ഡ്രോണുകൾ

തെൽ അവീവ് : അതിർത്തിയിൽ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടൽ കടുക്കുന്നതിനിടെ, ലബനീസ് സായുധ സംഘം പുറത്തെടുക്കുന്ന പുത്തൻ തലമുറ യുദ്ധതന്ത്രങ്ങൾ ഇസ്രായേലിൽ വലിയ ആശങ്കക്കു രാഷ്ട്രീയ ചർച്ചകൾക്കും വഴിതെളിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് വലിയ തോതിൽ ആളപായമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.
ഹിസ്ബുല്ലയുടെ പുതുതലമുറ ഡ്രോണുകൾ യുദ്ധമുഖത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രോണിക് ജാമറുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഫൈബർ ഒപ്റ്റിക് കേബിളുകൾ ഘടിപ്പിച്ച ഡ്രോണുകളാണ് ഹിസ്ബുള്ള പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് ഇസ്രായേലിന്റെ പ്രതിരോധ കവചങ്ങളെ മറികടക്കാൻ അവരെ സഹായിക്കുന്നു.
സാധാരണ ഡ്രോണുകൾ റേഡിയോ തരംഗങ്ങൾ വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. എന്നാൽ ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ വളരെ നേർത്തതും ശക്തവുമായ ഒരു ഫൈബർ ഒപ്റ്റിക് കേബിൾ വഴി ഓപ്പറേറ്ററുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ഡ്രോൺ പറക്കുമ്പോൾ ഈ കേബിൾ പിന്നിലേക്ക് അഴിഞ്ഞു വീണുകൊണ്ടിരിക്കും.
ഇസ്രായേൽ സൈന്യത്തിന്റെ പ്രധാന പ്രതിരോധ മാർഗ്ഗങ്ങളിലൊന്നായ ഇലക്ട്രോണിക് ജാമറുകൾ റേഡിയോ സിഗ്നലുകളെ തടസ്സപ്പെടുത്തി ഡ്രോണുകളെ വഴിതെറ്റിക്കാൻ സഹായിക്കുന്നവയാണ്. എന്നാൽ ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ കേബിൾ വഴി പ്രവർത്തിക്കുന്നതിനാൽ ജാമറുകൾ കൊണ്ട് ഇവയെ തടയാൻ കഴിയില്ല.
റേഡിയോ തരംഗങ്ങളുടെ പരിമിതികളില്ലാത്തതിനാൽ, തത്സമയവും വളരെ വ്യക്തതയുള്ളതുമായ ദൃശ്യങ്ങൾ ഓപ്പറേറ്റർക്ക് ലഭിക്കുന്നു. ഇത് കൃത്യമായ ലക്ഷ്യസ്ഥാനത്ത് ഡ്രോൺ എത്തിക്കാൻ സഹായിക്കുന്നു. റേഡിയോ സിഗ്നലുകൾ പുറത്തുവിടാത്തതിനാൽ സിഗ്നൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് ഇത്തരം ഡ്രോണുകളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾക്ക് ബുദ്ധിമുട്ടാണ്.
ഡ്രോണുകൾക്ക് പുറമെ സ്‌നൈപ്പർ വെടിവെപ്പുകളും തന്ത്രപരമായി സ്ഥാപിച്ച സ്ഫോടകവസ്തുക്കളും ഇസ്രായേൽ സൈന്യത്തിന്റെ ഉറക്കംകെടുത്തുകയാണ്. ലബനനിലെ വിവിധ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഹിസ്ബുള്ള ഒരുക്കിയിരിക്കുന്ന പ്രതിരോധ നിരയിൽ ഇസ്രായേൽ സൈന്യം കുടുങ്ങിക്കിടക്കുകയാണെന്ന് പ്രതിരോധ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.നിലവിലെ സാഹചര്യം പഴയൊരു ചരിത്രത്തിന്റെ ആവർത്തനമാകുമോ എന്ന ഭയത്തിലാണ് ഇസ്രായേൽ സമൂഹം.
ഇസ്രായേൽ മുമ്പ് 20 വർഷത്തോളം ലബനൻ കൈവശപ്പെടുത്തി വച്ചിരുന്ന കാലത്തെ ഓർമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. അന്ന് വൻതോതിൽ സൈനികർക്ക് പരിക്കേൽക്കുകയും സൈനിക ഉപകരണങ്ങൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. സമാനമായ ഒരു കെണിയിലേക്കാണോ രാജ്യം നീങ്ങുന്നതെന്ന ചോദ്യം ശക്തമാണ്.



