യൂറോപ്യൻ യൂണിയൻ വാർത്തകൾ

കനത്ത വരള്‍ച്ച; ഇറ്റലിയിലെ നീളം കൂടിയ നദി വറ്റി വരളുന്നു


പോ വാലി: ആധുനികലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. അതിന്‍റെ ദൂഷ്യഫലങ്ങള്‍ ലോകമെമ്ബാടും ദൃശ്യമാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുമ്ബോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രൂക്ഷമായ വരള്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവും കുറഞ്ഞ മഴ ലഭിച്ച രാജ്യമാണ് ഇറ്റലി. മഴയുടെ ദൗര്‍ലഭ്യം മൂലം ജലാശയങ്ങള്‍ വറ്റിവരണ്ടു. രാജ്യത്തെ ഏറ്റവും നീളം കൂടിയ നദിയായ ‘പോ’ പോലും അടിത്തട്ട് കാണുന്ന വിധത്തില്‍ വരണ്ടുണങ്ങിയിരിക്കുകയാണ്. ഈ നദിയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അതിന്‍റെ കോപ്പര്‍ നിക്കസ് സെന്‍റിനല്‍-2 ഉപഗ്രഹം ഉപയോഗിച്ച്‌ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പിയാസെന്‍സയ്ക്ക് സമീപമുള്ള പോ നദിയുടെ ഒരു ഭാഗമാണ് ചിത്രങ്ങളില്‍ കാണിക്കുന്നത്. കൂടാതെ 2020 ജൂണിനും 2022 ജൂണിനും ഇടയില്‍ നദി എങ്ങനെ ഗണ്യമായി കുറഞ്ഞുവെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കുറഞ്ഞ മഴയ്ക്ക് പുറമെ, അനുദിനം ഉയരുന്ന താപനിലയും പര്‍വതങ്ങളില്‍ നിന്ന് ലഭിക്കുന്ന ചെറിയ അളവിലുള്ള മഞ്ഞും ജലക്ഷാമത്തിന് പിന്നിലെ മറ്റ് പ്രധാന ഘടകങ്ങളാണ്.

കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഇറ്റലിക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നദിയാണ് പോ. 652 കിലോമീറ്റര്‍ നീളമുള്ള പോ നദി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് പോ താഴ്‍വര മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. 71,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഇത് ഇറ്റലിയിലെ ഏറ്റവും വലിയ നദീതടമാണ്. ചില സ്ഥലങ്ങളില്‍ 110 ദിവസമായി മഴ ലഭിച്ചിട്ടില്ലെന്ന് പോ റിവര്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ട് ചെയ്യുന്നു.റിപ്പോര്‍ട്ടുകള്‍ പ്രകാരം, 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നദി നേരിട്ടുകൊണ്ടിരിക്കുന്നത്.

ഗോതമ്ബ്, അരി, തക്കാളി എന്നിവയുള്‍പ്പെടെ ഇറ്റലിയുടെ ഭക്ഷ്യമേഖലയുടെ 40 ശതമാനവും പ്രദാനം ചെയ്യുന്ന പോ താഴ്വര രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക മേഖലയാണ്. കടുത്ത വരള്‍ച്ച മൂലം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. പോ വാലിയിലെ പല മുനിസിപ്പാലിറ്റികള്‍ക്കും രാത്രിയില്‍ റേഷന്‍ വെള്ളം നല്‍കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പോ നദിക്ക് സമാനമായി, മെഡിറ്ററേനിയന്‍ കടലും 1985-2005 കാലഘട്ടത്തിലെ ശരാശരിയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയുള്ള 2022 മെയ് മാസത്തില്‍ ഒരു സമുദ്ര ഉഷ്ണതരംഗം നേരിടുകയാണ്. ഉപരിതല ജലത്തിന്‍റെ താപനില 23 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button