പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാന്‍ യുഎസിന് മുൻപിൽ നിര്‍ദേശങ്ങൾ വച്ച് നിര്‍ണായക നീക്കവുമായി ഇറാന്‍

തെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ രണ്ട് മാസത്തിലേറെയായി തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി ഇറാന്‍. ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സന്നദ്ധരാണെന്ന് ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീട് മതിയെന്നും പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാന്‍ അമേരിക്കയെ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടുകയോ എന്നന്നേക്കുമായി നിലനിര്‍ത്തുകയോ ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യമെന്ന് വിവിധ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസില്‍ യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷം മാത്രം ആണവശേഖരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നും ഇറാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം.
ഇറാന്റെ നിര്‍ദേശത്തോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഇറാനുമേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഇറാനിയന്‍ തുറമുഖങ്ങളിലെ നാവിക ഉപരോധം തുടരാനാണ് ട്രംപിന്റെ താല്‍പര്യം. ഇറാന്‍ എണ്ണക്കയറ്റുമതി പൂര്‍ണമായും തടഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യം വലിയ ആഭ്യന്തര പ്രതിസന്ധിയിലാകുമെന്നാണ് ട്രംപിന്റെ കണക്കുക്കൂട്ടല്‍. ഇറാനുമായുള്ള യുദ്ധം ഉടന്‍ തീരുമെന്നും യുദ്ധം നേരത്തെ അവസാനിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഇറാന് തങ്ങളെ വിളിക്കാമെന്നും കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചിരുന്നു.
അതേസമയം, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായി പാകിസ്താന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. നിലവില്‍ അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യയിലാണുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ സംഘര്‍ഷത്തില്‍ പാകിസ്താന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ ആദ്യവാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും ധാരണയായിട്ടില്ല.



