അന്തർദേശീയം

യുഎസിൽ വധശിക്ഷകൾ പുനരാരംഭിക്കുന്നു; വെടിവെച്ചു കൊല്ലാനും അനുമതി

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഫെഡറൽ തലത്തിൽ വധശിക്ഷകൾ നടപ്പിലാക്കുന്നത് വ്യാപിപ്പിക്കാനും ശിക്ഷാ രീതികളിൽ മാറ്റം വരുത്താനും ലക്ഷ്യമിട്ടുള്ള പുതിയ നയം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. കുറ്റവാളികളെ വെടിവെച്ചു കൊല്ലുന്ന രീതി ഉൾപ്പെടെയുള്ളവ പുനരാരംഭിക്കാനാണ് നീതിന്യായ വകുപ്പിന്റെ തീരുമാനം. നീതി ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും കഠിനമായ ശിക്ഷാ നടപടികൾ അത്യാവശ്യമാണെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നയരേഖ പ്രകാരം വധശിക്ഷ നടപ്പിലാക്കാൻ വെടിയുണ്ടകൾക്ക് പുറമെ ഇലക്ട്രിക് ചെയർ, മാരകമായ വാതകങ്ങൾ എന്നിവയും നിയമപരമായി സ്വീകാര്യമാണെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. മുൻ പ്രസിഡന്റ് ജോ ബൈഡൻ ഫെഡറൽ വധശിക്ഷകൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് പുതിയ ഉത്തരവോടെ ഇല്ലാതാകും. “വധശിക്ഷ എന്ന നിയമത്തെ വെറുമൊരു കടലാസ് രേഖയാക്കി മാറ്റിയ ബൈഡന്റെ നടപടി തിരുത്തുകയാണ്,” എന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പ്രസ്താവനയിൽ പറഞ്ഞു. വധശിക്ഷ കാത്തുനിൽക്കുന്ന 37 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച ബൈഡന്റെ അവസാനകാല തീരുമാനത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളും ട്രംപ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങളിൽ (ഐഡഹോ, സൗത്ത് കരോലിന, യൂട്ടാ, മിസിസിപ്പി, ഒക്ലഹോമ) മാത്രമാണ് വെടിവെച്ചു കൊല്ലുന്ന രീതി നിലവിലുള്ളത്. എന്നാൽ ഇത് ഫെഡറൽ തലത്തിൽ വ്യാപിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഇതിനായി ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിന് കീഴിൽ പുതിയ സൗകര്യങ്ങൾ നിർമ്മിക്കാനും വധശിക്ഷാ സെല്ലുകൾ വികസിപ്പിക്കാനും നിർദേശമുണ്ട്. വധശിക്ഷക്ക് ഉപയോഗിക്കുന്ന പെന്റോബാർബിറ്റൽ മരുന്നിന്റെ ഉപയോഗം പുനരാരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം വധശിക്ഷാ നയം കടുപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ വധശിക്ഷാ കണക്കുകൾ പരിശോധിച്ചാൽ അത് പലപ്പോഴും ന്യൂനപക്ഷങ്ങളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയുമാണ് ദോഷകരമായി ബാധിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.

ഇൻഫർമേഷൻ സെന്ററിന്റെ കണക്കനുസരിച്ച് 1973 മുതൽ ഇതുവരെ അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 202 പേരെ പിന്നീട് നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചിട്ടുണ്ട്. എന്നാൽ ശിക്ഷ നടപ്പിലാക്കി കഴിഞ്ഞാൽ തെറ്റുകൾ തിരുത്താൻ കഴിയില്ലെന്നത് വലിയ ആശങ്കയായി തുടരുന്നു. അതോടൊപ്പം വധശിക്ഷ ലഭിക്കുന്നവരിൽ ആഫ്രിക്കൻ അമേരിക്കൻ വംശജരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും എണ്ണം ജനസംഖ്യാ അനുപാതത്തേക്കാൾ വളരെ കൂടുതലാണെന്ന പഠനങ്ങൾ വംശീയ വിവേചനം ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിൽ ലോകത്ത് ഏകദേശം 55 രാജ്യങ്ങളിൽ മാത്രമാണ് വധശിക്ഷ നിലവിലുള്ളത്. മെക്സിക്കോ, കാനഡ തുടങ്ങിയ അയൽരാജ്യങ്ങളും ഒട്ടുമിക്ക യൂറോപ്യൻ രാജ്യങ്ങളും വധശിക്ഷ നിർത്തലാക്കി കഴിഞ്ഞു. ഏകദേശം 141 രാജ്യങ്ങൾ ഈ ശിക്ഷാരീതി പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുമ്പോഴാണ് അമേരിക്ക വീണ്ടും ഇതിലേക്ക് മടങ്ങുന്നത്. തന്റെ ആദ്യ ഭരണകാലത്തിന്റെ അവസാന മാസങ്ങളിൽ മാത്രം 13 വധശിക്ഷകൾ നടപ്പിലാക്കിയ ട്രംപ്, രണ്ടാം ഊഴത്തിൽ കൂടുതൽ കർക്കശമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button