ആൻഡമാൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി; 250-ഓളം പേരെ കാണാതായി

ന്യൂയോർക്ക് : ആൻഡമാൻ കടലിൽ റോഹിങ്ക്യൻ അഭയാർഥികളും ബംഗ്ലാദേശികളും സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഏകദേശം 250 ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സഞ്ചരിച്ചിരുന്ന ബോട്ട്, ശക്തമായ കാറ്റിലും കടൽക്ഷോഭത്തിൽ പെട്ടാണ് അപകടത്തിൽപ്പെട്ടത്. അമിതഭാരവും അപകടത്തിന് കാരണമായതായി യുഎൻ ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്‌സിആർ) ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മ്യാൻമറിൽ നേരിടുന്ന പീഡനങ്ങളിൽ നിന്നും ആഭ്യന്തര യുദ്ധത്തിൽ നിന്നും രക്ഷപ്പെടാൻ ആയിരക്കണക്കിന് റോഹിങ്ക്യകളാണ് ഓരോ വർഷവും ഇത്തരം ദുർഘടമായ സാഹചര്യങ്ങളിൽ കടൽമാർഗം പലായനം ചെയ്യുന്നത്. ഇന്തോനേഷ്യയിലേക്ക് പോവുകയായിരുന്ന ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിന്റെ കപ്പൽ ഏപ്രിൽ ഒമ്പതിന് ഒരു സ്ത്രീയുൾപ്പെടെ ഒമ്പത് പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ആഴക്കടലിൽ ഡ്രമ്മുകളിലും മരത്തടികളിലും തൂങ്ങിക്കിടന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയതെന്ന് ബിസിജി വക്താവ് ലെഫ്റ്റനന്റ് കമാൻഡർ സാബിർ ആലം സുജൻ പറഞ്ഞു.
36 മണിക്കൂറോളമാണ് തങ്ങൾ കടലിൽ ഒഴുകി നടന്നതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഫീഖുൽ ഇസ്ലാം പറഞ്ഞു. മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തുകാർ തന്നെ ബോട്ടിൽ കയറ്റിയത്. ബോട്ടിനുള്ളിൽ ആളുകൾ തിങ്ങിനിറഞ്ഞ നിലയിലായിരുന്നു. ശ്വാസം മുട്ടിയും മറ്റും പലരും ബോട്ടിനുള്ളിൽവെച്ച് തന്നെ മരിച്ചിരുന്നു. ബോട്ട് പുറപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മ്യാൻമർ, തായ്ലൻഡ്, മലായ് ഉപദ്വീപ് എന്നിവയുടെ തീരങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ആൻഡമാൻ കടൽ. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായതിനാലും റോഹിങ്ക്യൻ വംശജർ ധാരാളമായി ഉള്ളതിനാലും മലേഷ്യയിലേക്കാണ് ഭൂരിഭാഗം പേരും കുടിയേറാൻ ശ്രമിക്കുന്നത്. 2017-ൽ മ്യാൻമർ സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യകളാണ് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. റോഹിങ്ക്യൻ അഭയാർഥി പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാത്തതിന്റെ ഭീകരമായ ഫലമാണ് ഇത്തരം ദുരന്തങ്ങളെന്ന് യുഎൻഎച്ച്‌സിആർ വ്യക്തമാക്കി.



