അമേരിക്കയുമായുള്ള സമാധാന ചർച്ച; മിനാബ് കൂട്ടക്കുരുതിയുടെ സ്മരണകളുമായി ഇറാൻസംഘം പാകിസ്താനിൽ

ഇസ്ലാമാബാദ് : അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പാകിസ്താനിലെത്തി. മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ രക്തംപുരണ്ട സ്കൂൾ ബാഗുകൾ, ഷൂകൾ, വെള്ളപ്പൂക്കൾ, അവരുടെ ചിത്രങ്ങൾ എന്നിവ വിമാനത്തിലെ മുൻനിര സീറ്റുകളിൽ നിരത്തിയാണ് ഇറാൻ സംഘം ഇസ്ലാമാബാദിലേക്ക് യാത്ര ചെയ്തത്. പ്രതിനിധി സംഘത്തിന് ‘മിനാബ് 168’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇവരെ തന്റെ ‘സഹയാത്രികർ’ എന്നാണ് ഗാലിബാഫ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശേഷിപ്പിച്ചത്.
യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-നാണ് തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള ഷജറേ തയ്യിബ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ആക്രമണമുണ്ടായത്. 160-ലധികം കുട്ടികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കൂട്ടക്കുരുതിയെ അപലപിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി എക്സിൽ പങ്കുവെച്ച പോസ്റ്റ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കൊല്ലപ്പെട്ട 160-ലധികം കുട്ടികളെ അടക്കംചെയ്യാൻ ശ്മശാനങ്ങൾ ഒരുക്കുന്നതിന്റെ ആകാശദൃശ്യങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്ത ‘രക്ഷാദൗത്യത്തിന്റെ’ യഥാർഥ മുഖമാണിതെന്നും ഗാസ മുതൽ മിനാബ് വരെ നിരപരാധികൾ കൊലചെയ്യപ്പെടുകയാണെന്നും അദ്ദേഹം കുറിച്ചു. പകൽവെളിച്ചത്തിൽ കുട്ടികൾ സ്കൂളിലിരിക്കുമ്പോഴാണ് ഈ ആക്രമണം നടന്നതെന്നും ഇറാൻ ജനതയ്ക്കെതിരായ ഈ ക്രൂരതയ്ക്ക് മറുപടി നൽകുമെന്നും അരാഗ്ചി പറഞ്ഞിരുന്നു.
അതേസമയം, സ്കൂളിന് നേരെ ആക്രമണം നടത്തിയെന്ന ആരോപണം അമേരിക്ക നിഷേധിച്ചിരുന്നു. ഇറാന്റെ പക്കലുള്ള കൃത്യതയില്ലാത്ത ആയുധങ്ങൾ ലക്ഷ്യംതെറ്റി വീണതാകാമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. എന്നാൽ, അമേരിക്കയുടെ പക്കൽ മാത്രമുള്ള ടോമാഹോക്ക് മിസൈലാണ് ലക്ഷ്യംതെറ്റി സ്കൂളിൽ പതിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ ഭാവി സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ് ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ച. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് യുഎസ് സംഘത്തെ നയിക്കുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കുക, ഇറാൻ ആണവായുധങ്ങൾ നിർമിക്കില്ലെന്ന ഉറപ്പ് നൽകുക എന്നിവയാണ് അമേരിക്കയുടെ പ്രധാന നിബന്ധനകൾ. ചർച്ചയുടെ 99 ശതമാനവും ആണവ വിഷയത്തിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ പത്ത് നിബന്ധനകളും ചർച്ചയാകും. ഇറാൻ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകൾ അമേരിക്ക പാലിച്ചാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂവെന്നാണ് ഇറാൻ വ്യക്തമാക്കിയിട്ടുള്ളത്.



