ഇറാനിലെ ഇസ്ഫഹാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ്-ഇസ്രായേൽ ആക്രമണം

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നു. ഇറാന്റെ മധ്യപ്രവിശ്യയായ ഇസ്ഫഹാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണം ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് അതീവ പ്രാധാന്യമുള്ള സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ഈ ആക്രമണം നടന്നിരിക്കുന്നത്.
ഇറാന്റെ പ്രതിരോധ സംവിധാനങ്ങളുടെയും സൈനിക ഗവേഷണ കേന്ദ്രങ്ങളുടെയും ഹൃദയഭാഗമായാണ് ഇസ്ഫഹാൻ അറിയപ്പെടുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഇവിടെ സ്ഫോടനങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ വ്യാപ്തിയോ നാശനഷ്ടങ്ങളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇറാൻ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഫാർസ് വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇറാൻ വ്യോമപ്രതിരോധ സംവിധാനം പലയിടങ്ങളിലും തിരിച്ചടിച്ചതായും സൂചനയുണ്ട്.
അതേസമയം ആക്രമണത്തെ തുടർന്ന് ശക്തമായ ഒരു സ്ഫോടന പരമ്പര തന്നെ ഉണ്ടായതായും ഇത് പ്രദേശമാകെ വലിയ തോതിലുള്ള തീഗോളങ്ങളും ആഘാത തരംഗങ്ങളും സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം 540 കിലോഗ്രാം ഭാരമുള്ള യുറേനിയം ശേഖരം ഇറാൻ ഇസ്ഫഹാനിലെ ഒരു ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന പേരിൽ യു.എസ് നടത്തിയ ആക്രമണത്തിലും ഈ നഗരം ലക്ഷ്യമിട്ടിരുന്നു.
വെടിനിർത്തൽ കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ നയതന്ത്രത്തിനായിരിക്കും യു.എസിന്റെ മുൻഗണനയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ അൽ ജസീറക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിനിടെ, ട്രംപിന്റെ ഭീഷണിക്കു പിന്നാലെ യു.എസും ഇസ്രായേലും ഇറാനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെഹ്റാനിലും ഇസ്ഫഹാനിലും തബ്രീസിലും കനത്ത വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണവും തുടരുകയാണ്.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണവും എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ആഗോള വിപണിയെയും നയതന്ത്ര മേഖലയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാൻ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മേഖലയിൽ പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.



