ഇന്ത്യയിൽ നിന്ന് അടിയന്തര സഹായം സ്വീകരിക്കാൻ പുറപ്പെടേണ്ട ഇറാൻ വിമാനം ആക്രമിച്ച് യുഎസ്

തെഹ്റാൻ : ഇന്ത്യയിൽ നിന്ന് അടിയന്തര സഹായം സ്വീകരിക്കാൻ ഇറാൻ നിയോഗിച്ച വിമാനം ആക്രമിച്ച് അമേരിക്ക. അമേരിക്കയുടെ ആക്രമണത്തിൽ വിമാനം തകർന്നെന്ന് ഇറാൻ വൃത്തങ്ങൾ പറയുകയുണ്ടായി.
ഏപ്രിൽ ഒന്നിന് ന്യൂഡൽഹിയിൽ എത്താനിരുന്ന മഹാൻ എന്ന വിമാനമാണ് തകർന്നത്. ഇറാൻ്റെ മഷ്ഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ച മഹാൻ എന്ന വിമാനമാണ് അമേരിക്ക ആക്രമിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ വലയുന്ന ഇറാന് ഇന്ത്യ വാഗ്ദാനം ചെയ്ത സഹായവസ്തുക്കൾ ശേഖരിക്കാനായി നിയോഗിച്ച വിമാനമാണ് അമേരിക്കയുടെ വ്യോമത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ആക്രമണത്തിൽ തകർക്കപ്പെട്ടത്. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് തൊട്ട് മുൻപാണ് വിമാനം തകർന്നത്.
ഇറാനിലെ സംഘർഷ ബാധിതർക്കാവശ്യമായ അടിയന്തര സഹായങ്ങൾ എത്തിക്കേണ്ട വിമാനമാണിത്. മരുന്നുകൾ ഉൾപ്പെടെ 11 ടണിൻ്റെ സഹായമാണ് ഇറാനായി ഇന്ത്യ ഒരുക്കിയത്. മാർച്ച് 18 ന് ആദ്യഘട്ട അടിയന്തര സഹായം ഇന്ത്യയിൽ നിന്ന് പുറപ്പെട്ടിരുന്നു. ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തിൻ്റെ ഭാഗമായാണ് യുദ്ധസഹായം നൽകുന്നതെന്നാണ് കേന്ദ്രം അറിയിച്ചത്.



