ഹോര്‍മുസ് ദ്വീപിനടുത്ത് അമേരിക്കന്‍ പോര് വിമാനം വെടിവെച്ചിട്ടു : ഇറാന്

ടെഹ്റാന് : ഹോര്‍മുസ് ദ്വീപിനടുത്ത് അമേരിക്കന്‍ പോര് വിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്. അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി ഇറാന് അവകാശവാദത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുത്തുവിടുന്ന മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്റെ തെക്കന്‍ തീരത്തിന് മുകളിലൂടെ പാഞ്ഞ യുദ്ധവിമാനമാണ് തകര്‍ത്തത്. ശത്രുതാപരമായ കടന്നുകയറ്റത്തിനെതിരെ ഇറാനിയന്‍ വ്യോമ പ്രതിരോധ സേന നടത്തിയ വിജയകരമായ ഇടപെടല്‍ എന്ന നിലയിലാണ് ഇറാനിയന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഫ്രാറെഡ് ട്രാക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ചെറിയ വിഡിയോ ക്ലിപ്പും ഇറാന് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.
എന്നാല്‍ ഇറാന്റെ അവകാശവാദം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 48 മണിക്കൂര്‍ അന്ത്യശാസനം നല്കി മണിക്കൂറുകള്‍ക്കകമാണ് ആക്രമണം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ നീക്കം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഇറാന്റെ ഏറ്റവും വലിയ വൈദ്യുത നിലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ വൈദ്യുത നിലയങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.



