സൗദിക്ക് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ ഇറാൻ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ശനിയാഴ്ച രാത്രി വൈകിയാണ് റിയാദ് ലക്ഷ്യമാക്കി ആക്രമണമുണ്ടായതെന്ന് സൗദി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മിസൈലുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റിയാദിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് മിസൈലുകൾ എത്തിയത്. എന്നാൽ സൗദിയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇവയെ ലക്ഷ്യസ്ഥാനത്തെത്തും മുൻപേ തകർക്കുകയായിരുന്നു.
ആക്രമണത്തിൽ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇസ്രയേലിനും അമേരിക്കയ്ക്കും പിന്നാലെ സൗദി അറേബ്യയെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കം ലോകരാജ്യങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മേഖലയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദിക്ക് നേരെയുള്ള ആക്രമണം ആഗോള എണ്ണ വിപണിയെയും സാമ്പത്തിക വ്യവസ്ഥയെയും തകിടം മറിക്കാനിടയുണ്ട്.
തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കുന്നു എന്നാരോപിച്ചാണ് ഇറാൻ സൗദിക്ക് നേരെയും തിരിഞ്ഞിരിക്കുന്നത്. റിയാദിലും പരിസര പ്രദേശങ്ങളിലും ലക്ഷക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. തലസ്ഥാന നഗരിയെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം പ്രവാസി സമൂഹത്തിനിടയിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്.
യുദ്ധം ഇനിയും വ്യാപിക്കുകയാണെങ്കിൽ വിമാന സർവീസുകളെയും പ്രവാസികളുടെ തൊഴിലിനെയും ഇത് ദോഷകരമായി ബാധിക്കും. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നിലവിൽ ഇറാൻ ഭീഷണിയുണ്ട്.



