രണ്ട് മാസത്തിനുള്ളിൽ ഏകദേശം 600 ഉക്രേനിയക്കാർക്ക് താൽക്കാലിക സംരക്ഷണം നൽകി മാൾട്ട
വല്ലേറ്റ: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യൂറോസ്റ്റാറ്റ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രണ്ട് മാസത്തിനുള്ളിൽ മൊത്തം 585 ഉക്രേനിയക്കാർക്ക് മാൾട്ട താൽക്കാലിക സംരക്ഷണം നൽകി.
യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് 14 ദശലക്ഷത്തിലധികം ആളുകൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച കണക്കുകൾ കാണിക്കുന്നു. അവരിൽ, ഏകദേശം ഏഴ് ദശലക്ഷം ആളുകൾ അയൽ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോയിരുന്നു.
യൂറോസ്റ്റാറ്റ് പ്രസിദ്ധീകരിച്ച ഡാറ്റ അനുസരിച്ച്, മാൾട്ട മാർച്ചിൽ 190 ഉക്രേനിയക്കാർക്ക് താൽക്കാലിക സംരക്ഷണം നൽകിയപ്പോൾ ഏപ്രിലിൽ 395 പേരെ മാൾട്ട സ്വീകരിച്ചു. സംരക്ഷണം അനുവദിച്ചവരിൽ അഞ്ച് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു.26 ഉക്രേനിയൻ പൗരന്മാർ മാൾട്ടയിൽ എത്തി അഭയം അഭ്യർത്ഥിച്ചതായി മാർച്ചിൽ പ്രധാനമന്ത്രി റോബർട്ട് അബെല പറഞ്ഞിരുന്നു. കൂടാതെ ഓങ്കോളജിക്കൽ ചികിത്സ ആവശ്യമുള്ള കുട്ടികളെ സ്വീകരിക്കാനും മാൾട്ട സമ്മതിച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകിയ വിവരങ്ങൾ അനുസരിച്ചുളള കണക്കുകൾ പ്രകാരം പോളണ്ട് 427,065 ഉക്രേനിയൻ പൗരന്മാർക്ക് താത്കാലിക സംരക്ഷണം നൽകിയിട്ടുണ്ട്, ചെക്കിയ 245,420 പേർക്കും ബൾഗേറിയ 61,655 പേർക്കും സംരക്ഷണം നൽകി. ഈ മൂന്നു രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഉക്രേനിയക്കാർ അഭയം തേടുന്നത്. സംരക്ഷണം തേടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്, ഓരോ മൂന്നിൽ രണ്ട് അപേക്ഷകരും സ്ത്രീകളാണ്.
യുവധാര ന്യൂസ്