ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചു, നൂറുകണക്കിന് പേർക്ക് പരിക്കേറ്റു
തെക്കുകിഴക്കൻ ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തത്തിലും സ്‌ഫോടനത്തിലും 25 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സീതകുണ്ഡയിലെ കണ്ടെയ്‌നർ കേന്ദ്രത്തിൽ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്, ഇത് ഒന്നിലധികം സ്‌ഫോടനങ്ങൾക്ക് കാരണമായി.
സീതകുണ്ഡയിലെ സ്ഥലത്ത് നിരവധി കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചപ്പോൾ തീ അണയ്ക്കാൻ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും ചില കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി കരുതുന്നു.
പ്രദേശത്തെ ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ ആളുകൾ രക്തദാനത്തിനായി തയാറാവണമെന്നു അധികാരികൾ അഭ്യർത്ഥിച്ചു.
പരിക്കേറ്റവരിൽ പലരുടെയും ശരീരത്തിന്റെ 60% മുതൽ 90% വരെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
സ്ഫോടനം വളരെ ശക്തമായിരുന്നു, അത് കിലോമീറ്ററുകൾ അകലെ കേൾക്കുകയും സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകരുകയും ചെയ്തു. സ്‌ഫോടനം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും തീ ആളിപ്പടരുകയായിരുന്നു.
ബംഗ്ലാദേശിൽ തീപിടിത്തം സാധാരണമാണ്. കഴിഞ്ഞ വർഷം രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ഒരു കടത്തുവള്ളത്തിന് തീപിടിച്ച് 39 പേരെങ്കിലും മരിച്ചിരുന്നു. അതേ വർഷം ആദ്യം, തലസ്ഥാനമായ ധാക്കക്കടുത്തുള്ള രൂപ്ഗഞ്ചിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 ആളുകൾ മരണപ്പെട്ടിരുന്നു .
ചിറ്റഗോങ്ങിൽ നിന്ന് വളരെ അകലെയുള്ള പടേംഗയിലെ മറ്റൊരു കണ്ടെയ്‌നർ സ്റ്റോറേജ് ഡിപ്പോയിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് 2020-ൽ മൂന്ന് തൊഴിലാളികളും മരണപ്പെട്ടിരുന്നു .
യുവധാര ന്യൂസ്