അന്തർദേശീയം

അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎസ് ഏജന്‍സികളോട് നിര്‍ദേശിച്ച് ട്രംപ്

വാഷിങ്ടണ്‍ ഡിസി : അന്യഗ്രഹ ജീവികളെയും തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ പക്കലുള്ള രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ ഉത്തരവിട്ട് ഡോണള്‍ഡ് ട്രംപ്. ‘രഹസ്യ രേഖകള്‍ പുറത്തുവിടുന്നതിനുള്ള നടപടി ആരംഭിക്കാന്‍’ പ്രതിരോധ വകുപ്പ് ഉള്‍പ്പെടെയുള്ള യുഎസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അറിയിച്ചു.

അന്യഗ്രഹ ജീവികള്‍, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങള്‍, തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടുന്നതിനുമുള്ള പ്രക്രിയ ആരംഭിക്കാന്‍ പ്രതിരോധ സെക്രട്ടറിയോടും മറ്റ് വകുപ്പുകളോടും ഏജന്‍സികളോടും ഞാന്‍ നിര്‍ദ്ദേശിക്കും, സങ്കീര്‍ണ്ണവും, വളരെ രസകരവും പ്രധാനപ്പെട്ടതുമായ ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ! എന്നാണ് ട്രംപിന്റെ പ്രതികരണം.

‘അന്യഗ്രഹജീവികള്‍ യഥാര്‍ത്ഥമാണ്’ എന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണത്തിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ഒബായുടെ പ്രതികരണത്തെ വിമര്‍ശിച്ച് കൊണ്ടാണ് ട്രംപ് വിവരങ്ങള്‍ പുറത്തുവിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ‘അദ്ദേഹം അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, ഒരു വലിയ തെറ്റ് ചെയ്തു,’ എന്നാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണത്തെ കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യം എനിക്കറിയില്ല. അതേകുറിച്ച് അഭിപ്രായം പറയാനില്ല. ധാരാളം ആളുകള്‍ അങ്ങനെ ചെയ്യുന്നു. ധാരാളം ആളുകള്‍ അത് വിശ്വസിക്കുന്നു. രഹസ്യ രേഖകള്‍ പുറത്തുവിട്ട് ഒബാമയുടെ സംശയം തീര്‍ത്തുകൊടുക്കും” – ട്രംപ് എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തില്‍ യാത്ര ചെയ്യവേ മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെയാണ് വ്യാഴാഴ്ച രാത്രി അന്യഗ്രഹ, അജ്ഞാത ജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രഹസ്യ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഏജന്‍സികളോട് നിര്‍ദേശിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയത്.

അതിനിടെ, അന്യഗ്രഹ ജീവികളെ ഉണ്ടെന്ന് അഭിപ്രായം തിരുത്തി ബരാക്ക് ഒബാമയും രംഗത്തെത്തിയിരുന്നു. പ്രപഞ്ചം വളരെ വലുതാണ്. മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നതിന്റെ തെളിവുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഒബാമയുടെ പുതിയ വിശദീകരണം. ഞായറാഴ്ച ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞ അഭിപ്രായം ഒബാമ വ്യാഴാഴ്ച തിരുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button