ആണവ കരാറുണ്ടായില്ലെങ്കിൽ ഇറാനെ കടന്നാക്രമിക്കും : ട്രംപ്

വാഷിങ്ടൺ ഡിസി : ആണവ പദ്ധതികൾ സംബന്ധിച്ച് ഉടൻതന്നെ തങ്ങളുമായി കരാറിലേർപ്പെട്ടില്ലെങ്കിൽ ഇറാനെ കടന്നാക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഭരണമാറ്റം ഉണ്ടാകുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, തങ്ങൾക്കെതിരെ നീക്കമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആശങ്കകൾ വർധിപ്പിച്ച് പശ്ചിമേഷ്യയിലെ സൈനികവിന്യാസം യുഎസ് വർധിപ്പിച്ചിട്ടുണ്ട്. സൈനികവിന്യാസത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് തങ്ങൾക്ക് ആവശ്യമായി വരുമെന്നും കരാറില്ലെങ്കിൽ സൈനികനീക്കമുണ്ടായേക്കാമെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്നോടിയായി കരീബിയൻ കടലിടുക്കിൽ വിന്യസിച്ചിരുന്ന പടക്കപ്പലായ യുഎസ്‌എസ് ജെറാൾഡ് ആർ ഫോർഡ് കഴിഞ്ഞദിവസം പശ്ചിമേഷ്യയിലേക്ക് മാറ്റിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണ് ഇത്. നിലവിൽ യുഎസ്‌എസ് എബ്രഹാം ലിങ്കൺ വൻ സൈനിക സന്നാഹവുമായി പശ്ചിമേഷ്യയിലുണ്ട്. ഇറാനെ കടന്നാക്രമിക്കാൻ യുഎസ് കോപ്പുകൂട്ടുന്നതായാണ് റിപ്പോർട്ടുകൾ. ഒമാനിൽ നടന്ന മധ്യസ്ഥ ചർച്ച നല്ല തുടക്കമാണെന്ന് ഇറാൻ പ്രതികരിച്ചിരുന്നെങ്കിലും അനുദിനം മേഖലയിലെ സ്ഥിതി വഷളാകുകയാണ്. ജനീവയിൽ രണ്ടാംഘട്ട ചർച്ച നടക്കാനിരിക്കെയാണ് യുഎസിന്റെ പുതിയ നീക്കം.



