കാനഡയിലെ സ്‌കൂളില്‍ വെടിവെപ്പ്; അക്രമി അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഒട്ടാവ : കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ അക്രമി അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളിലാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയാണ് സംഭവം. വെടിവെപ്പില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ആറുപേരെ സ്‌കൂളിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂള്‍ വളപ്പില്‍ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാള്‍ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. മറ്റുള്ളവരെ സ്‌കൂളിന് സമീപത്തെ വീട്ടിലും വെടിയേറ്റനിലയില്‍ കണ്ടെത്തി. പരിക്കേറ്റ 25-ഓളം പേരെ പ്രാദേശിക മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
വെടിവെപ്പില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നതും എത്രപേര്‍ക്ക് പരിക്കേറ്റെന്നതും സംബന്ധിച്ച് അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച പരിശോധനകള്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, മറ്റൊരാള്‍ക്കുകൂടി സംഭവത്തില്‍ പങ്കുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെത്തുടര്‍ന്ന് ടംബ്ലര്‍ റിഡ്ജ് പൊലീസ് നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകളില്‍ തന്നെ തുടരാനാണ് പൊലീസിന്റെ നിര്‍ദേശം.



