ജപ്പാനിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എൽഡിപിക്ക് മിന്നും ജയം

ടോക്യോ : ജപ്പാനിൽ ഞായറാഴ്ചനടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായേ താകായീച്ചി (64) നേതൃത്വം നൽകുന്ന ലിബറൽ ഡെമക്രാറ്റിക് പാർട്ടി (എൽ.ഡി.പി.) ജയത്തിലേക്ക്. എൽഡിപി കേവലഭൂരിപക്ഷം മറികടന്നതായി ജപ്പാനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 465 അംഗ പാർലമെന്റിൽ 316 സീറ്റിൽ എൽ.ഡി.പി. ജയം നേടിയെന്നാണ് വിവരം.
നേരത്തേ പുറത്തുവന്ന എക്സിറ്റ് പോളുകളിലും എൽഡിപി മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു. 2017-നുശേഷം പാർട്ടി കൈവരിക്കുന്ന ഏറ്റവുംവലിയ നേട്ടമാണിത്.കടുത്ത ചൈനാവിമർശകയായ താകായീച്ചി 2025 ഒക്ടോബറിലാണ് എൽ.ഡി.പി.യുടെ നേതാവും ജപ്പാന്റെ പ്രധാനമന്ത്രിയുമായത്.
പ്രധാന പ്രതിപക്ഷകക്ഷിയായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമക്രാറ്റിക് പാർട്ടിയും (സി.ഡി.പി.) എൽ.ഡി.പി.യുടെ മുൻ സഖ്യകക്ഷിയായ കൊമെയ്തോയും ചേർന്നുണ്ടാക്കിയ സെൻട്രിസ്റ്റ് റിഫോം അലയൻസ് വൻ പരാജയം നേരിട്ടു. നിലവിലുള്ള സീറ്റിൽ മൂന്നിൽരണ്ടുഭാഗവും നഷ്ടമാകുമെന്നാണ് എക്സിറ്റ് പോളുകളിലെ പ്രവചനം.



