ഗ്രീൻ കാർഡ് ഉടമകൾക്ക് തിരിച്ചടി; മാർച്ച് ഒന്നുമുതൽ എസ്ബിഎ അമേരിക്കൻ പൗരന്മാർ ഉടമകളല്ലാത്ത ബിസിനസുകൾക്ക് വായ്പ നൽകില്ല

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമകൾക്ക് തിരിച്ചടിയായി ബിസിനസ് വായ്പ അനുവദിക്കുന്ന സ്മോൾ ബിസിനസ് അഡ്സ്ട്രേഷൻ്റെ (എസ്ബിഎ) നയം മാറ്റം. യുഎസ് സർക്കാരിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയായ എസ്ബിഎ ഇനി മുതൽ അമേരിക്കൻ പൗരന്മാർ ഉടമകളല്ലാത്ത ബിസിനസുകൾക്ക് വായ്പ നൽകില്ലെന്ന് പ്രഖ്യാപിച്ചു. നിയമപരമായ സ്ഥിരം താമസക്കാർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും ഇനി എസ്ബിഎ വായ്പകൾ ലഭിക്കില്ല. പുതിയ നയമനുസരിച്ച്, വായ്പയ്ക്ക് അപേക്ഷിക്കുന്ന കമ്പനിയുടെ ഉടമ യുഎസ് പൗരൻ അല്ലെങ്കിൽ കമ്പനി വായ്പയ്ക്ക് യോഗ്യരാകില്ല. മാർച്ച് ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വർക്കിങ് ക്യാപിറ്റൽ, ഉപകരണങ്ങൾ പോലുള്ള പൊതുവായ ബിസിനസ് ആവശ്യങ്ങൾക്കുള്ള വായ്പകളും വാണിജ്യ റിയൽ എസ്റ്റേറ്റ്, ഹെവി എക്യുപ്മെന്റ് എന്നിവ വാങ്ങുന്നതിനുള്ള 504 വായ്പകളുമാണ് എസ്ബിഎ നൽകിവരുന്നത്. പുതിയ നിയമം കാരണം, ഗ്രീൻ കാർഡ് ഉള്ള ഇന്ത്യക്കാർ പൗരത്വം നേടുന്നതുവരെ എസ്ബിഎ വായ്പകൾക്ക് അർഹതയില്ലാത്തവരായി മാറും. ഗ്രീൻ കാർഡ് ഉടമകൾക്ക് എസ്ബിഎ വായ്പ ലഭിക്കണമെങ്കിൽ, മാർച്ച് ഒന്നിന് മുൻപു വായ്പാ നമ്പർ നേടേണ്ടതുണ്ട്.
എസ്ബിഎയുടെ പുതിയ നിയമം പലരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിലെ ഡെമോക്രാറ്റുകൾ നയം മാറ്റത്തെ അപലപിച്ചു. ഇത് കുടിയേറ്റ സംരംഭകർക്ക് നേരെയുള്ള ആക്രമണമാണെന്ന് സെനറ്റ് സ്മോൾ ബിസിനസ് കമ്മിറ്റി റാങ്കിങ് അംഗം എഡ്വേഡ് മാർക്കിയും ഹൗസ് സ്മോൾ ബിസിനസ് കമ്മിറ്റി റാങ്കിങ് അംഗം നിദ്യാ വെലാസ്ക്വെസും വിശേഷിപ്പിച്ചു. ചൈനീസ് പൗരന്മാരെ പ്രത്യേകം വിലക്കിയതിന് രണ്ട് മാസത്തിന് ശേഷമാണ് എസ്ബിഎയുടെ ഈ പുതിയ നിയമം വരുന്നതെന്നും അവർ പറഞ്ഞു. പുതിയ നയം എസ്ബിഎയുടെ ചെറുകിട ബിസിനസ് വളർച്ചയെ പിന്തുണയ്ക്കാനുള്ള ലക്ഷ്യത്തിന് വിരുദ്ധമാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ വിമർശിച്ചു.
ട്രംപ് ഭരണകൂടം വിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കുകയാണെന്നും കുടിയേറ്റക്കാർക്കിടയിലും ചെറുകിട ബിസിനസ് ഉടമകൾക്കിടയിലും ഭയവും ആശയക്കുഴപ്പവും പടർത്തുകയാണെന്നും മറ്റ് നിയമനിർമാതാക്കൾ പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന നിയമപരമായ കുടിയേറ്റക്കാരെ ബിസിനസ് ആരംഭിക്കാനോ വികസിപ്പിക്കാനോ പിന്തുണയ്ക്കുന്നതിന് പകരം, ട്രംപ് എസ്ബിഎ വിദ്വേഷം തിരഞ്ഞെടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.



