രാജ്യത്ത് ഇന്ധനവില കുറച്ചു; പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും
ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു.
പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസല്‍ ലിറ്ററിന് ഏഴ് രൂപയും കുറയും. ധനമന്ത്രി നിര്‍മല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ ധനമന്ത്രി ആഹ്വാനം ചെയ്തു.
ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം വര്‍ഷത്തില്‍ 12 ഗ്യാസ് സിലിണ്ടറുകള്‍ക്ക് 200 രൂപ സബ്സിഡി നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പലഘട്ടങ്ങളിലായി നിര്‍ത്തലാക്കിയ സബ്സിഡിയാണ് ഇപ്പോള്‍ പുനസ്ഥാപിക്കുന്നത്.
സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് മോദി സര്‍ക്കാറെന്ന് ഇന്ധനവിലക്കുറവ് പ്രഖ്യാപനം നടത്തിക്കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ലോകം ഏറെ പ്രയാസപ്പെടുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനവിലയില്‍ കുറവ് വരുത്തുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ കേന്ദ്രം എക്സൈസ് തീരുവ കുറച്ചപ്പോള്‍ ആനുപാതികമായ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാന്‍ ധനമന്ത്രി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.