അന്തർദേശീയം

മിനസോട്ട പ്രക്ഷോഭം : 1,500 സൈനികരോട് സജ്ജരാകാൻ പെന്റഗൺ

വാഷിങ്ടൺ ഡിസി : മിനസോട്ടയിലേക്ക് ആവശ്യമെങ്കിൽ വിന്യസിക്കാൻ തയാറെടുക്കുന്നതിനായി ഏകദേശം 1,500 സൈനികർക്ക് പെന്റഗൺ നിർദ്ദേശം നൽകിയതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ഗ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് അക്രമം രൂക്ഷമാവുകയാണെങ്കിൽ വിന്യസിക്കാൻ തയാറായിരിക്കണമെന്ന് സൈന്യം ഈ യൂണിറ്റുകൾക്ക് നിർദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

കാറിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട ഐസിഇ ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ച യുവതിയെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് മിനസോട്ടയിൽ പ്രതിഷേധം ആരംഭിച്ചത്. മിനിയപ്പലിസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധം നടക്കുന്നതിനിടെ വാഹനത്തിലെത്തിയ യുവതിയോട് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുവതി വാഹനം റിവേഴ്സ് എടുത്തു. ഇതിനെ തുടർന്ന് യുവതിയുടെ മുഖത്ത് മൂന്ന് തവണ ഉദ്യോഗസ്ഥർ വെടിയുതിർത്തു. കവിയത്രിയായ റെനി നിക്കോൾ ഗുഡ് (37) ആണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ട റെനി.

യുവതിയെ വെടിവച്ച് കൊലപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ വിവാദമായതോടെ മേയർ ജേക്കബ് ഫ്രേ ഐസിഇ ഉദ്യോഗസ്ഥരോട് തന്റെ നഗരത്തിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെട്ടു രംഗത്ത് വന്നിരുന്നു. ആളുകളെ ഉപദ്രവിക്കുകയും കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടേതെന്ന് മേയർ കൂട്ടിച്ചേർത്തു. എന്നാൽ വാഹനത്തെ ആയുധമാക്കി ആഭ്യന്തര തീവ്രവാദത്തിനു ശ്രമിച്ച യുവതിയാണു കൊല്ലപ്പെട്ടതെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രീസിയ മക്ലോഗ്ലിൻ അവകാശപ്പെട്ടത്.

ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതിൽനിന്ന് പ്രക്ഷോഭകരെ സംസ്ഥാനം തടഞ്ഞില്ലെങ്കിൽ ഇൻസറക്‌ഷൻ ആക്ട് (കലാപം അടിച്ചമർത്താനുള്ള നിയമം) ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഈ നീക്കം. യുഎസിന്റെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് (ഐസിഇ) വിഭാഗം അനധികൃത കുടിയേറ്റക്കാരെ നീക്കുന്നതിനുള്ള നടപടികൾ കടുപ്പിച്ചതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ജനങ്ങളിൽനിന്ന് പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി, അറസ്റ്റ് ചെയ്ത് നാടുകടത്തുകയാണ് ഇവരുടെ പ്രധാന ചുമതലകളിലൊന്ന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button