ഗസ്സ വെടിനിർത്തലിന്റെ ഭാഗമായുള്ള ‘ബോർഡ് ഓഫ് പീസ്’ അംഗങ്ങളെ പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ ഡിസി : വെടിനിർത്തലിന്റെ ഭാഗമായി ഗസ്സ ഭരിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച ‘ബോർഡ് ഓഫ് പീസ്’ അംഗങ്ങളെ പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരാണ് അംഗങ്ങളിൽ പ്രമുഖർ. ട്രംപാണ് ബോർഡിന്റെ ചെയർമാൻ. കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇസ്രായേൽ നിരവധി തവണ വെടിനിർത്തൽ ലംഘിച്ച് 100ലധികം കുട്ടികൾ ഉൾപ്പെടെ 440ലധികം ഫലസ്തീനികളെ വധിച്ചിട്ടുണ്ട്.
പരിവർത്തന കാലയളവിൽ ഗസ്സയുടെ ഭരണം മേൽനോട്ടം വഹിക്കാൻ ഉദ്ദേശിച്ചുള്ളതാണ് അന്താരാഷ്ട്ര ബോർഡ് ഓഫ് പീസ്. പ്രൈവറ്റ് ഇക്വിറ്റി എക്സിക്യൂട്ടീവും ശതകോടീശ്വരനുമായ മാർക്ക് റോവൻ, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപ് ഉപദേഷ്ടാവായ റോബർട്ട് ഗബ്രിയേൽ എന്നിവരും ബോർഡിൽ ഉൾപെട്ടിട്ടുണ്ട്. ബോർഡിന്റെ ചുമതലകളുടെ വിശദാംശങ്ങൾ പൂർണമായി പ്രസിദ്ധികരിച്ചിട്ടില്ല.
ഇന്ത്യൻ വംശജനായ അജയ് ബംഗ 1959ൽ മഹാരാഷ്ട്രയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്നു. 1981ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് ആർട്സ് (ഓണേഴ്സ്) ബിരുദം പൂർത്തിയാക്കിയ അജയ് തുടർന്ന് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടി. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് 2023 ഫെബ്രുവരിയിൽ ലോക ബാങ്കിനെ നയിക്കാൻ അജയ്‌യെ നാമനിർദ്ദേശം ചെയ്തത്. ലോക ബാങ്ക് ഗ്രൂപ്പിന്റെ 14-ാമത് പ്രസിഡന്റാണ് അജയ് ബംഗ.



