പാകിസ്ഥാനിൽ ട്രക്ക് കനാലിൽ വീണ് 14മരണം

ലാഹോര്‍ : പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മൂടൽമഞ്ഞിൽ അകപ്പെട്ട ട്രക്ക് കനാലിലേക്ക് മറിഞ്ഞ് 14പേര്‍ മരിച്ചു.ഒരു കുടുംബത്തിലെ ആറ് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
ലാഹോറിൽ നിന്ന് ഏകദേശം 200കിലോമീറ്റർ അകലെ സർഗോധ ജില്ലയിലെ കോട് മോമിനിൽ പുലർച്ചെയാണ് അപകടം.പഞ്ചാബ് എമർജൻസി സർവീസസ് റെസ്‌ക്യൂ വക്താവ് പറയുന്നതനുസരിച്ച്,ഇസ്ലാമാബാദിൽ നിന്ന് ഫൈസലാബാദിലേക്ക് ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോയ 23പേർ ഉൾപ്പെടുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മൂടൽമഞ്ഞ് കാരണം മോട്ടോർവേ അടച്ചിരുന്നതിനാൽ ഇവര്‍ സഞ്ചരിച്ച ട്രക്ക് ഒരു ഇടറോഡിലൂടെയാണ് യാത്ര ചെയ്തിരുന്നത്.മഞ്ഞ് മൂടിയതിനാൽ കാഴ്ച പരിമിതമായിരുന്നു.ഇതു കാരണം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതായി കരുതുന്നു.കോട് മോമിൻ തെഹ്‌സിലിലെ ഗാലാപൂർ പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് വീഴുകയായിരുന്നു.
മരിച്ച 14പേരിൽ ആറ് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു,ഒമ്പത് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പഞ്ചാബിലുടനീളം മൂടൽമഞ്ഞുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 10 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.



