സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് വീണ്ടും പണിമുടക്കി

ഡൽഹി : സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് വീണ്ടും പണിമുടക്കി. ആറര മണിക്കൂറിലേറെയാണ് എക്സ് പ്രവർത്തനരഹിതമായത്. അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിസന്ധിയിൽ ഉപഭോക്താക്കൾ വലഞ്ഞു. രാജ്യത്ത് ദശലക്ഷക്കണിക്കിനാളുകളാണ് എക്സ് ഉപയോഗിക്കുന്നത്.
എക്സ് ലഭ്യമാകുന്നില്ലെന്ന് കാണിച്ച് ഇതിനകം 2500ലധികം ഉപഭോക്താക്കൾ സ്ഥാപനത്തിന് പരാതികളയച്ചുകഴിഞ്ഞു. ഇന്ത്യയ്ക്കു പുറമെ, പല യൂറോപ്യൻ രാജ്യങ്ങളിലും വെള്ളിയാഴ്ച സമാന തടസ്സം നേരിട്ടു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എക്സ് പ്രവർത്തനരഹിതമാകുന്നത്.
സുതാര്യത വർധിപ്പിക്കുന്നതിനായി സൈറ്റിന്റെ ന്യൂസ് ഫീഡിനും പരസ്യ സംവിധാനങ്ങൾക്കുമുള്ള അൽഗോരിതം കോഡ് പ്രസിദ്ധീകരിക്കാനുള്ള പദ്ധതികൾ ഞായറാഴ്ച എക്സ് ഉടമ എലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കൾക്ക് പോസ്റ്റുകൾ എങ്ങനെ ശുപാർശ ചെയ്യുന്നുവെന്ന് വിശദീകരിക്കുന്നതിനായി കോഡ് ഓപ്പൺ സോഴ്സ് ആക്കുമെന്നും പതിവായി അപ്ഡേറ്റ് ചെയ്യുമെന്നുമായിരുന്നു മസ്കിന്റെ പ്രഖ്യാപനം.



