ഇറാനിൽ കുടുങ്ങികിടക്കുന്നു 12 മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന് രക്ഷിതാക്കള്‍

തിരുവനന്തപുരം : ഇറാനിലെ കെർമാൻ മെഡിക്കൽ സയൻസ് സർവകലാശാലയിൽ മലയാളികളായ 12 എംബിബിഎസ് വിദ്യാർഥികൾ രാജ്യത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങി. ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങൾ കർശനമായി നിരീക്ഷിക്കപ്പെടുന്നതിനാലും കേരളത്തിലുള്ള മാതാപിതാക്കൾക്ക് ഇവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല. മലപ്പുറം, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഇവർ. കെർമാനിലെ ആസാദി സ്ക്വയറിനു സമീപമുള്ള ഡോർമിറ്ററിയിലാണ് ഇവരുള്ളത്.
പഠനം എപ്പോൾ പുനഃരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, കുടുംബങ്ങളുമായി ആശയവിനിമയം നടത്താൻ വിശ്വസനീയമായ മാർഗങ്ങളൊന്നുമില്ലാതെ വിദ്യാർഥികൾ നിരന്തരമായ ഭയത്തിലും കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ് കഴിയുന്നതെന്ന് മാതാപിതാക്കൾ വിദേശകാര്യമന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
വിദ്യാർഥികളുടെ പക്കൽ പണമില്ലാത്തതും നാട്ടിൽനിന്നു പണമയക്കാൻ കഴിയാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. ക്ലാസുകൾ നിർത്തിവയ്ക്കുകയും പരീക്ഷകൾ മാർച്ചിലേക്കു മാറ്റുകയും ചെയ്തിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകളും തടസ്സപ്പെട്ടു. വിദ്യാർഥികളെ എത്രയും വേഗം നാട്ടിലെത്തിക്കാൻ മാതാപിതാക്കൾ സംസ്ഥാന സർക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്. ഇറാനിലുള്ള മലയാളികളുടെ കണക്കുകൾ നോർക്ക ശേഖരിച്ചു വരികയാണ്.
‘‘ഞങ്ങൾ ആശങ്കയിലാണ്. കുട്ടികൾ മുറിക്കുള്ളിൽ കഴിയാൻ നിർബന്ധിതരായിരിക്കുകയാണ്. അവരുടെ ഫോൺ കോളുകൾ നിരീക്ഷണത്തിലാണ്. ഞങ്ങൾക്ക് അവരെ നേരിട്ട് വിളിക്കാൻ കഴിയില്ല. അവർ ഞങ്ങളെ വിളിക്കുമ്പോൾ തന്നെ അത് വളരെ ചുരുങ്ങിയ സമയത്തേക്കായിരിക്കും. പെട്ടെന്ന് കോൾ കട്ടാവുകയും ചെയ്യും’’– രക്ഷാകർതൃ കൂട്ടായ്മയുടെ കോർഡിനേറ്ററും കോട്ടയത്തെ താഴത്തങ്ങാടി സ്വദേശിയുമായ തരിഷ് റഹ്മാൻ പറഞ്ഞു.
വിദ്യാർഥികളുടെ പക്കലുള്ള പണം തീർന്നുപോയെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലപ്പുറത്ത് നിന്നുള്ളൊരു രക്ഷിതാവ് പറഞ്ഞത്. അവരുടെ മടങ്ങിവരവിൽ വലിയ അനിശ്ചിതത്വമുണ്ട്. ഞങ്ങൾക്ക് പണം അയക്കാൻ കഴിയുന്നില്ല. പണപ്പെരുപ്പം കാരണം ഭക്ഷണസാധനങ്ങൾക്ക് കടുത്ത ക്ഷാമമുണ്ട്. വിലയും വളരെ കൂടുതലുമാണ്. അവർ ഹോസ്റ്റലിലാണ് പാചകം ചെയ്യുന്നത്. എന്നാൽ അമിതമായ വിലക്കയറ്റവും പണമില്ലായ്മയും കാരണം അവർ വലിയ പ്രതിസന്ധി നേരിടുകയാണെന്നും രക്ഷിതാവ് പറഞ്ഞു.
കറൻസിയുടെ മൂല്യത്തകർച്ച, പണപ്പെരുപ്പം, മോശം ജീവിതസാഹചര്യങ്ങൾ എന്നിവയ്‌ക്കെതിരെ ഡിസംബർ 28ന് വ്യാപാരികൾ തെരുവിലിറങ്ങിയതോടെയാണ് ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഈ പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിക്കുകയും ഭരണകൂടത്തിനെതിരായ ജനകീയ മുന്നേറ്റമായി മാറുകയും ചെയ്തു. പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ അധികൃതർ രാജ്യത്ത് ആശയവിനിമയ നിരോധനം ഏർപ്പെടുത്തി. ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് അനുസരിച്ച്, ആയിരക്കണക്കിന് പ്രതിഷേധക്കാരും വഴിയാത്രക്കാരും കൊല്ലപ്പെടുകയും 18,000 ത്തിലധികം ആളുകൾ തടങ്കലിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ കണക്കുകൾ സ്ഥിരീകരിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജനുവരി 14ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു.



