ദേശീയം

തീ തുപ്പുന്ന കാറുമായി മലയാളി വിദ്യാര്‍ഥിയുടെ അഭ്യാസ പ്രകടനം; 1.11 ലക്ഷം രൂപ പിഴയിട്ട് ബെംഗളൂരു ട്രാഫിക് പൊലീസ്

ബംഗളൂരു : മോഡിഫൈ ചെയ്ത കാറുമായി ബംഗളൂരുവിലേക്ക് പോയ മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം രൂപ പിഴയിട്ട് യെലഹങ്ക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്. തീ തുപ്പുന്ന വിധത്തിൽ കാര്‍ മോഡിഫൈ ചെയ്ത് നഗരത്തിൽ പരിഭ്രാന്തി പരത്തിയതിനും പൊതുശല്യമുണ്ടാക്കിയതിനുമാണ് വൻതുക പിഴ ചുമത്തിയത്.

“പൊതു നിരത്തുകൾ സ്റ്റണ്ട് നടത്താനുള്ള സ്ഥലമല്ല. തീപ്പൊരി അല്ലെങ്കിൽ തീ സൃഷ്ടിക്കാൻ നിങ്ങളുടെ വാഹനത്തിന്‍റെ എക്‌സ്‌ഹോസ്റ്റ് പരിഷ്‌കരിക്കുന്നത് നിയമവിരുദ്ധമാണ്. ഓർമിക്കുക, നിങ്ങളുടെ സ്റ്റണ്ടുകൾക്ക് നിങ്ങൾ വില നൽകേണ്ടിവരും” ബെംഗളൂരു ട്രാഫിക് പൊലീസ് ട്വീറ്റ് ചെയ്തു. കാറിന്‍റെ എക്‌സ്‌ഹോസ്റ്റിൽ നിന്ന് തീ ഉയരുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. 111,500 രൂപ പിഴ അടച്ചതിന്‍റെ രസീതും കാണിക്കുന്നുണ്ട്. നിരവധി പേര്‍ പൊലീസ് നടപടിയെ പ്രശംസിച്ചപ്പോൾ പിഴത്തുക കുറച്ചു കൂടിപ്പോയെന്ന് ചിലര്‍ വാദിച്ചു.

പുതുവത്സരം ആഘോഷിക്കാൻ പോയ കണ്ണൂര്‍ സ്വദേശിയായ എഞ്ചിനിയറിങ് വിദ്യാര്‍ഥിയാണ് നഗരത്തിലെ റോഡുകളിലൂടെ തീ തുപ്പി പാഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 70,000 രൂപയ്ക്ക് വാങ്ങിയ 2002 ഹോണ്ട സിറ്റി മോഡൽ കാര്‍ രൂപമാറ്റം വരുത്തി ഉപയോഗിക്കുകയായിരുന്നു. വിദ്യാര്‍ഥി ബെംഗളൂരുവിലൂടെ അപകടകരമായ രീതിയിൽ വണ്ടിയോടിക്കുന്നതിന്‍റെയും തീ തുപ്പുന്നതിന്‍റെയും വീഡിയോകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ ബെംഗളൂരുവിൽ എത്തിയ യുവാവ് കാറിന്‍റെ ഫോട്ടോകളും റീലുകളും പതിവായി പോസ്റ്റ് ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു.ചിലര്‍ കാറിന്‍റെ വീഡിയോകൾ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ പലരും ഈ വാഹനത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.

കാറിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.”വടക്കുകിഴക്കൻ ബെംഗളൂരുവിലെ ഭാരതീയ സിറ്റിയിലാണ് കാര്‍ കണ്ടെത്തിയത്. വലിയ ശബ്ദത്തിന് പുറമേ, എക്‌സ്‌ഹോസ്റ്റിൽ നിന്ന് തീജ്വാലകൾ പുറപ്പെടുന്നതും ഗുരുതരമായ അപകടമുണ്ടാക്കുന്നതായി ഞങ്ങൾ കണ്ടെത്തി. കാറിൽ വലിയ നിയമവിരുദ്ധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ലംഘനങ്ങൾക്ക് കനത്ത പിഴ ചുമത്തും, അത് ആർ‌ടി‌ഒയ്ക്ക് മാത്രമേ ചെയ്യാൻ അധികാരമുള്ളൂ,” ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് റിപ്പോർട്ടിനെത്തുടർന്ന്, യെലഹങ്ക ആർ‌ടി‌ഒ വാഹനം പരിശോധിക്കുകയും കാറിനെക്കാൾ കൂടുതൽ പിഴ ഈടാക്കുകയും ചെയ്തു. വാഹനം വിട്ടുകൊടുക്കുന്നതിന് മുമ്പ് ഉടമ പണം നൽകി. അത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന് ആർ‌ടി‌ഒ മുന്നറിയിപ്പ് നൽകി. “സോഷ്യൽ മീഡിയ റീൽസിനുവേണ്ടി, കാർ വാങ്ങിയതിനേക്കാൾ കൂടുതൽ പിഴയിനത്തിൽ ചെലവഴിച്ചു” ഒരു പൊാലീസ് ഉദ്യോഗസ്ഥൻ പരിഹസിച്ചു. കേരളത്തിൽ ഒരു വർഷത്തിലേറെയായി ഇതേ വാഹനം യാതൊരു നടപടിയും സ്വീകരിക്കാതെ ഓടിച്ചുവെന്ന് റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button