യൂറോപ്യൻ യൂണിയൻ വാർത്തകൾ

ചരിത്രം കുറിക്കാനൊരുങ്ങി സ്പെയിനിന്റെ തലപ്പത്തേക്ക് ജെൻ സി രാജകുമാരി പ്രിൻസസ് ലിയോനോർ

മാഡ്രിഡ് : യൂറോപ്യൻ രാജ്യമായ സ്‌പെയിനിന്റെ തലപ്പത്തേക്ക് 150 വർഷത്തിനുശേഷം ആദ്യമായി ഒരു വനിത എത്തുന്നു. ഫെലിപ്പെ ആറാമൻ രാജാവിന്റേയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരിയാണ് സ്‌പെയിനിന്റെ രാജ്ഞിയാകാനൊരുങ്ങുന്നത്. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് ശേഷം ആദ്യമായി സ്‌പെയിനിന്റെ തലപ്പത്തെത്തുന്ന വനിതയാണ് 20-കാരിയായ ഈ ജെൻ സി രാജകുമാരി. പിതാവ് ഫെലിപ്പെ ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് രാജകുമാരി സ്‌പെയിനിന്റെ രാജ്ഞി പദവിയിലെത്തുക.

മാധ്യമപ്രവർത്തകയായിരുന്ന ലെറ്റീസിയ രാജ്ഞി 2004-ലാണ് ഫെലിപ്പെ ആറാമൻ രാജാവിനെ വിവാഹം ചെയ്യുന്നത്. ഇരുവരുടേയും മൂത്തമകളായി 2005 ഒക്ടോബർ 31-ന് സ്‌പെയിനിലെ മാഡ്രിഡിലാണ് ലിയോനോർ രാജകുമാരി ജനിച്ചത്. ലിയോനോറിന്റെ അനിയത്തി ഇൻഫാന്റ സോഫിയ 2007-ലാണ് ജനിച്ചത്. അസ്റ്റൂറിയസിലെ രാജകുമാരി എന്ന നിലയിൽ ലിയോനോറാണ് സ്‌പെയിനിന്റെ അടുത്ത കിരീടാവകാശി.

സ്‌പെയിനിന്റെ അടുത്ത രാജ്ഞിയാകാനായി വലിയ പരിശീലനങ്ങളും തയ്യാറെടുപ്പുകളുമാണ് ലിയോനോറിന് ലഭിച്ചത്. മാഡ്രിഡിലെ സാന്റാ മരിയ ഡി ലോസ് റൊസാലെസ് സ്‌കൂളിലാണ് രാജകുമാരി വിദ്യാഭ്യാസം നേടിയത്. 13-ാം വയസിൽ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആദ്യ പ്രസംഗം നടത്തി. പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് അവാർഡ്‌സ് സെറിമണിയിൽ വെച്ചായിരുന്നു ഇത്. രാജകുമാരിയുടെ പേരിലുള്ള ഈ പുരസ്‌കാരം ശാസ്ത്ര-മാനവിക വിഷയങ്ങളിൽ നാഴികക്കല്ലുകൾ താണ്ടുന്നവർക്കാണ് നൽകുന്നത്.

സ്പാനിഷ് നിയമപ്രകാരം അടുത്തതായി സിംഹാസനത്തിലേറേണ്ടയാൾ നിർബന്ധമായും സൈനിക പരിശീലനം നേടണം. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെയെല്ലാം പരിശീലനം ഭാവി രാജ്ഞിക്ക് ആവശ്യമാണ്. വിദ്യാഭ്യാസത്തിനുശേഷം ലിയോനോർ സമുദ്രയാത്രകൾ നടത്തിയും വ്യോമസേനാ വിമാനങ്ങൾ ഒറ്റയ്ക്ക് പറത്തിയുമെല്ലാം സൈനികപരിശീലനം നേടി.

2023 ഓഗസ്റ്റിലാണ് ലിയോനോർ കരസേനയിൽ സൈനികപരിശീലനം ആരംഭിക്കുന്നത്. സരഗോസയിൽ വെച്ചായിരുന്നു ഇത്. ഇതിനുശേഷം പിന്നീട് 2024-ൽ ഗലീസിയയിൽ വെച്ച് നാവികപരിശീലനം തുടങ്ങി. സ്പാനിഷ് സായുധസേനകളുടെ ഭാവി കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ ഈ പരിശീലനങ്ങളെല്ലാം രാജകുമാരിക്ക് നിർബന്ധമാണ്. 2024-ൽ അറ്റ്‌ലാന്റിക്കിലൂടെ 17,000 മൈലുകൾ താണ്ടി ലിയോനോർ ന്യൂയോർക്കിലേക്ക് സമുദ്രയാത്ര നടത്തി. ക്രൂ ആയി സേവനമനുഷ്ഠിച്ചുകൊണ്ടായിരുന്നു രാജകുമാരിയുടെ യാത്ര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button