അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന എഐ ചാറ്റ്ബോട്ടിന് പൂട്ടിട്ട് ഗ്രോക്ക്

വാഷിങ്ടണ്‍ ഡിസി : വന്‍ പ്രതിഷേധത്തിന് പിന്നാലെ അശ്ലീല ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) ചാറ്റ്ബോട്ടിന് പൂട്ടിട്ട് ഇലോണ്‍ മസ്കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ്.
യഥാര്‍ഥ ചിത്രങ്ങളില്‍ നിന്ന് വ്യാജവും അശ്ലീലവുമായ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ എക്സിലെ എഐ ടൂളായ ഗ്രോക്കിൽ (Grok) കഴിയുമായിരുന്നു. ഇതിനാണിപ്പോള്‍ പൂട്ടിടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയുമടക്കമുള്ളവരുടെ അശ്ലീല ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഫീച്ചറിനെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.
യഥാർഥ ആളുകളുടെ ഫോട്ടോകൾ ബിക്കിനി പോലുള്ള വസ്ത്രങ്ങളിലേക്ക് എഡിറ്റ് ചെയ്യുന്നത് തടയാനുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു. അശ്ലീല കണ്ടന്റുകള്‍ നിര്മിക്കാവുന്ന ചാറ്റ്ബോട്ടിനെതിരെ നിരവധി രാജ്യങ്ങളാണ് രംഗത്ത് എത്തിയത്. ചാറ്റ്ബോട്ട് ഗ്രോക്കിന് മലേഷ്യയും ഇന്തോനേഷ്യയും വിലക്കേർപ്പെടുത്തിയിരുന്നു. യുകെയിലും ഗ്രോക്കിനെ വിലക്കേർപ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമായിരുന്നു. ബ്രിട്ടന്റെ മാധ്യമനിയന്ത്രണവിഭാഗമായ ഓഫ്കോം അന്വേഷണം ആരംഭിച്ചിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയും ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനകം നീക്കം ചെയ്യണം എന്ന് കാട്ടി ഇന്ത്യ ജനുവരി ആദ്യവാരം എക്സിന് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞവർഷം ഡിസംബർ അവസാനമാണ് എക്സില്‍ വിവാദ ഫീച്ചറത്തിയത്. ‘ഒരു ചിത്രം നല്‍കിയതിന് ശേഷം ബിക്കിനിയിലാക്കൂ’ എന്നു പറഞ്ഞാൽ ചിത്രം മാറുമായിരുന്നു. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിന് ഇരകളാകാൻ തുടങ്ങിയതോടെയാണ് വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നത്.



