അന്തർദേശീയം

കോടതിയുടെ ഉത്തരവ് പാലിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തി; മടക്കിക്കൊണ്ടുവരാൻ ഉത്തരവിട്ട് യുഎസ് ഫെഡറൽ കോടതി

വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഫെഡറൽ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഇന്ത്യക്കാരനെ നാടുകടത്തിയ സംഭവത്തിൽ ഇമിഗ്രേഷൻ അധികൃതർക്ക് തിരിച്ചടി. നാടുകടത്തൽ തടഞ്ഞ കോടതിവിധി മറികടന്ന് ഇന്ത്യക്കാരനായ ഫ്രാൻസിസ്കോ ഡി’കോസ്റ്റയെ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് നാടുകടത്തിയ സംഭവത്തിലാണ് നടപടി. ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഇയാളെ തിരികെ കണ്ടുവരാൻ കോടതി ഉത്തരവിട്ടു. 2025 ഡിസംബർ 20ന് കോടതിയുടെ ഉത്തരവ് ലംഘിച്ച് ഫ്രാൻസിസ്കോ ഡി’കോസ്റ്റയെ നാടുകടത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഈ നടപടി കോടതിയുടെ അധികാരത്തെ നേരിട്ട് ലംഘിച്ചതായും കോടതി നിരീക്ഷിച്ചു.ഹേബിയസ് ഹർജി പരിഗണിച്ച തെക്കൻ ടെക്സസിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി, ഡി’കോസ്റ്റയെ നാടുകടത്തുന്നതിന് മുൻപ് കോടതിയുടെ അനുമതി തേടണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് നിലവിലിരിക്കെയാണ് ഡി’കോസ്റ്റയെ ഹൂസ്റ്റണിൽനിന്ന് ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ അയച്ചത്. യുഎസ് അറ്റോർണി ഓഫീസ്, ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്, തടങ്കൽ കേന്ദ്രം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് നാടുകടത്തൽ തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ഇത് സംഭവിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. തെറ്റുപറ്റിയതിനെ തുടർന്നാണ് നാടുകടത്തൽ സംഭവിച്ചതെന്ന സർക്കാർ വാദം കോടതി തള്ളി.

2009 മുതൽ യുഎസിൽ താമസിക്കുന്ന ഫ്രാൻസിസ്കോ ഡി’കോസ്റ്റ, 2025 ഒക്ടോബറിൽ ഒരു ഇമിഗ്രേഷൻ ജഡ്ജിക്ക് മുന്നിൽ സ്വമേധയാ രാജ്യം വിട്ടുപോകാൻ അനുമതി തേടിയിരുന്നു. പിന്നീട് ഒരു അഭിഭാഷകനെ കണ്ടതിന് ശേഷം, ഇന്ത്യയിലെ സാഹചര്യങ്ങൾ മാറിയെന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനാൽ അവിടെ പീഡനം നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷ ഫയൽ ചെയ്തതോടെ, അദ്ദേഹത്തിന്റെ സ്വമേധയാ രാജ്യം വിട്ടുപോകാനുള്ള അനുമതി റദ്ദാക്കപ്പെടുകയും നാടുകടത്തൽ ഉത്തരവ് അന്തിമമാവുകയും ചെയ്തു. ഇമിഗ്രേഷൻ ജഡ്ജി നാടുകടത്തൽ തടയണമെന്ന ആവശ്യം പരിഗണിച്ചിരുന്നില്ല.

ഡി’കോസ്റ്റയെ നാടുകടത്തിയത് അദ്ദേഹത്തിന്റെ നിയമപരമായ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും ഇത് ഗുരുതരമായ ഡ്യൂ പ്രോസസ്സ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. ഡി’കോസ്റ്റയെ തിരികെ കൊണ്ടുവരുന്നത് അനാവശ്യമാണെന്നും കോടതിക്ക് അധികാരപരിധിയില്ലെന്നും അദ്ദേഹം യുഎസിന് പുറത്ത് നിന്ന് കേസ് തുടരാമെന്നും സർക്കാർ വാദിച്ചു. എന്നാൽ, ഈ വാദങ്ങളെല്ലാം കോടതി തള്ളി.

നിയമവിരുദ്ധമായി നാടുകടത്തപ്പെട്ട കേസ് പുനരാരംഭിക്കുന്നതിന് അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഒരു വിധി ഉദ്ധരിച്ച്, കോടതി ഉത്തരവ് ലംഘിച്ച് നാടുകടത്തപ്പെട്ട വ്യക്തികളെ തിരികെ കൊണ്ടുവരുന്നത് ഉചിതമായ പരിഹാരമാണെന്ന് കോടതി പറഞ്ഞു. അതിനാൽ, എത്രയും പെട്ടെന്ന് ഡി’കോസ്റ്റയെ യുഎസിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതി അഞ്ച് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്നും നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button