ഇറാനിൽ കത്തിപ്പടരുന്ന പ്രക്ഷോഭത്തിൽ മരണം രണ്ടായിരത്തിനടുത്തായി; നിയന്ത്രണങ്ങളിൽ നേരിയ ഇളവ്

തെഹ്റാൻ : പ്രക്ഷോഭം കത്തിപ്പടരുന്ന ഇറാനിൽ മരണം രണ്ടായിരത്തിനടുത്തായി. ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് പ്രഖ്യാപിച്ചു.
മൊബൈൽ ഫോണിൽനിന്ന് വിദേശത്തേക്ക് വിളിക്കാൻ അനുമതിയായെങ്കിലും ഇന്റർനെറ്റ് നിയന്ത്രണം നീക്കിയിട്ടില്ല. മെസേജ് അയക്കാനും പറ്റില്ല. വിദേശത്തേക്ക് വിളിക്കാമെങ്കിലും പുറത്തുള്ളവർക്ക് ഇറാനിലേക്ക് വിളിക്കാനാകില്ല. ഇന്റർനെറ്റിൽ രാജ്യത്തിന് പുറത്തുള്ളതൊന്നും ലഭ്യമല്ല. കൂടുതൽ ഇളവുകളുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. അതേസമയം, ഇറാനെതിരായ യു.എസ് ഭീഷണി തുടരുകയാണ്.
പ്രക്ഷോഭകാരികൾക്കെതിരായ നടപടി ഇറാൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട ജർമൻ ചാൻസലർ ഫ്രഡറിക് മെഴ്സ്, ഇറാൻ സർക്കാർ അതിന്റെ അവസാന ദിനങ്ങളിലാണെന്ന് അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി തെഹ്റാനിലെ ജനത ഒറ്റപ്പെട്ട നിലയിലാണെന്ന് സ്ഥലവാസിയായ ഒരാൾ ‘അസോസിയേറ്റഡ് പ്രസി’ലെ മാധ്യമപ്രവർത്തകനോട് പറഞ്ഞു.
നഗരത്തിൽ കനത്ത സുരക്ഷയാണ്. കവചിത വാഹനങ്ങളും ആയുധങ്ങളുമായി പൊലീസ് റോന്തുചുറ്റുന്നു. സാധാരണ വേഷത്തിലും സുരക്ഷ ഉദ്യോഗസ്ഥർ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പല ബാങ്കുകളും സർക്കാർ ഓഫിസുകളും പ്രക്ഷോഭകാരികൾ കത്തിച്ചു. എ.ടി.എമ്മുകൾ തകർത്തു. ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടത് ബാങ്കുകളുടെ പ്രവർത്തനത്തെയും ബാധിച്ചു. കടകൾ തുറന്നിട്ടുണ്ട്.
പ്രക്ഷോഭം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അമേരിക്കയുമായി ചർച്ച നടക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി പറഞ്ഞു. ‘അൽ ജസീറ’യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, യു.എസ് ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം തുടർന്നു.



