അന്തർദേശീയം

റോഹിൻഗ്യൻ വംശഹത്യ : അന്താരാഷട്ര നീതിന്യായ കോടതി വിചാരണ തുടങ്ങി

ഹേഗ് : മ്യാൻമ‍റിൽ റോഹിംഗ്യൻ വിഭാഗത്തിന് നേരെ സൈന്യം നടത്തിയ വംശഹത്യാ നടപടികൾക്കെതിരായ കേസിൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത നീതിന്യായ സ്ഥാപനമായ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ)വിചാരണ ആരംഭിച്ചു. 2019-ൽ ഗാംബിയ സമർപ്പിച്ച കേസിൽ തിങ്കളാഴ്ച വാദം തുടങ്ങി.

റോഹിംഗ്യർ ദശകങ്ങളായി പീഡനവും മനുഷ്യത്വരഹിതമായ പ്രചാരണങ്ങളും നേരിട്ടുവെന്നും, 2017മുതൽ സൈന്യം തുടങ്ങിവെച്ച വംശഹത്യാ നടപടികൾ ഒരു വിഭാഗത്തെ തന്നെ ഇല്ലാതാക്കാനുള്ള നയത്തിന്റെ ഭാഗമായിരുന്നു എന്നും ഗാംബിയയുടെ വിദേശകാര്യ മന്ത്രി ദാവ്ദ ജാലോ കോടതിയിൽ പറഞ്ഞു. റോഹിംഗ്യർക്കെതിരേ നടന്നത് “ മനുഷ്യരാശിക്കെതിരായ എക്കാലത്തെയും ക്രൂരതയാണെന്ന” യു എൻ വിലയിരുത്തലും അവതരിപ്പിച്ചു.

2017-ൽ മ്യാൻമറിലെ രാഖൈൻ സംസ്ഥാനത്ത് സൈന്യം നടത്തിയ ആക്രമണത്തിൽ പതിനായിരക്കണക്കിന് റോഹിംഗ്യർ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തിലധികം പേർ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് അഭയാ‍ര്‍ഥികളായി നാടുകടത്തപ്പെടുകയും ചെയ്തു. ഗ്രാമങ്ങൾ മനുഷ്യ‍ര്‍ക്കൊപ്പം ചുട്ടെരിക്കപ്പെടുകയും വ്യപകമായ ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോ‍ര്‍ട് ചെയ്യപ്പെടുകയും ചെയ്തു.

നിരവധി പേ‍ര്‍ ഇതര രാജ്യങ്ങളിലേക്കുള്ള പലായനങ്ങൾക്കിടെ കൊല്ലപ്പെട്ടു. അനവധി പേ‍ര്‍ ജയിലലടക്കപ്പെടുകയും രാജ്യമില്ലാതെ നാടുകടത്തപ്പെടുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിനകത്ത് അകപ്പട്ടവ‍ര്‍ ഇപ്പോഴും വേട്ടയാടലുകൾക്ക് വിധേയമാവുന്നതായും പരാതികൾ നിലനിൽക്കുന്നു.

റോഹിംഗ്യർക്കെതിരായ സൈനിക നടപടികളെ അന്താരാഷ്ട്ര വേദികളിൽ ന്യായീകരിച്ചതിനെ തുടർന്ന് മ്യാൻമറിലെ മുൻ നേതാവ് ഔങ് സാൻ സൂചിയുടെ മനുഷ്യാവകാശ പ്രതിച്ഛായക്ക് തിരിച്ചടിയേറ്റിരുന്നു. പിന്നീട് നടന്ന സൈനിക അട്ടിമറി വഴി അവർ അധികാരത്തിൽ നിന്ന് നീക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.

ഗാംബിയയുടെ നീക്കത്തിന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനിലെ (OIC) 57രാജ്യങ്ങളും,ബ്രിട്ടൻ,ഫ്രാൻസ്,ജർമനി,കാനഡ എന്നിവ ഉൾപ്പെടെ 11രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC)മ്യാൻമറിലെ സൈനിക ഭരണാധികാരി മിൻ ഓങ് ഹ്ലെയിംഗിനെതിരേ അന്വേഷണം തുടരുന്നു.

ഒരു ദശാബ്ദത്തിനിടയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) പൂർണ്ണമായി പരിഗണിക്കുന്ന ആദ്യത്തെ വംശഹത്യ കേസാണിത്. ഗാസയിലെ യുദ്ധത്തെച്ചൊല്ലി ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയിട്ടുള്ള വംശഹത്യ കേസിനെ ഇത് ബാധിക്കാം.

“വംശഹത്യ എങ്ങനെ നിർവചിക്കപ്പെടുന്നു, അത് എങ്ങനെ തെളിയിക്കാം, ലംഘനങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിന് ഈ കേസ് നിർണായക മാതൃകയാകാൻ സാധ്യതയുണ്ട്,” എന്നും വിലയിരുത്തപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button