ഇന്തോനേഷ്യക്ക് പിന്നാലെ ഗ്രോക്കിന് താത്കാലിക നിരോധനം ഏർപ്പെടുത്തി മലേഷ്യയും

ക്വാലാലംപൂർ : ഇന്തോനേഷ്യക്ക് പിന്നാലെ ഗ്രോക്കിന് താത്കാലിക നിരോധനം ഏർപ്പെടുത്തി മലേഷ്യയും. ചിത്രങ്ങൾ ലൈംഗികവത്കരിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. സമീപകാലത്തായി ഗ്രോക്ക് കനത്ത തിരിച്ചടി നേരിടുന്നുണ്ട്. ലൈംഗിക ചിത്രങ്ങൾ സൃഷ്ടിക്കാനും പ്രസിദ്ധീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതിനെതിരെ ഗ്രോക്കിനെതിരെ ആഗോള തലത്തിൽ പ്രതിഷേധമുയരുന്നുണ്ട്.
എ ഐയിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ സൃഷ്ടിച്ചതോടെയാണ് ചാറ്റ്ബോട്ട് സസ്‌പെൻഡ് ചെയ്തതെന്ന് മലേഷ്യൻ അധികൃതർ പ്രതികരിച്ചു. സ്ത്രീകളുടേയും പ്രായപൂർത്തിയാകാത്തവരുടേയും ചിത്രങ്ങളെ ലൈംഗികവത്കരിക്കാനും, അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും ഗ്രോക്ക് ആപ്ലിക്കേഷൻ ദുരുപയോഗം ചെയ്തു. അതിനാൽ ആപ്പിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മലേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് മൾട്ടിമീഡിയ കമീഷൻ പ്രസ്താവനയിൽ അറിയിച്ചു.
ശനിയാഴ്ച ഇതേ കാരണത്താൽ ഇന്തോനേഷ്യയിൽ ആപ്പിന്റെ പ്രവർത്തനം സസ്പെൻഡ് ചെയ്തിരുന്നു. ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ ലൈംഗികമായി ചിത്രീകരിക്കാൻ ഉപയോക്താക്കളെ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. തുടർന്ന് പ്രശ്നം പരിഹരിച്ചെന്ന് മസ്കിന്റെ കമ്പനി അറിയിച്ചതോടെ സബ്സ്ക്രൈബേഴ്സിന് മാത്രമായി ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തി.



