യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മലയാളി അടക്കം 3 പേർ

ന്യൂഡൽഹി : വെനിസ്വേലയുമായി ബന്ധപ്പെട്ട എണ്ണ വ്യാപാരത്തിനിടെയാണ് ഉപരോധങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി യുഎസ് കോസ്റ്റ് ഗാർഡ് കപ്പൽ പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാർ. ഇവർ ഹിമാചൽ പ്രദേശ്, കേരളം, ഗോവ സ്വദേശികളാണ്. ഇവരെ കൂടാതെ 20 യുക്രൈൻ സ്വദേശികളും 6 ജോർജിയക്കാരും രണ്ട് റഷ്യക്കാരും കസ്റ്റഡിയിലുണ്ട്.
ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശിയായ രക്ഷിത് ചൗഹാൻ (26) വിവാഹത്തിന് വെറും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ആണ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് യുഎസ് പിടിയിലായത്ത്. ഫെബ്രുവരി 19-ന് രക്ഷിതിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. റഷ്യൻ കമ്പനിയാണ് രക്ഷിതിനെ വെനിസ്വേലയിലേക്ക് നിയോഗിച്ചത്. കപ്പൽ അതിർത്തിയിൽ എത്തിയെങ്കിലും 10 ദിവസത്തെ കാത്തിരിപ്പിന് ശേഷം കമ്പനി കപ്പൽ തിരിച്ചവിളിച്ചു. മടക്കയാത്രയ്ക്കിടെയാണ് കപ്പൽ യുഎസിന്റെ പിടിയിലായതെന്ന് രക്ഷിതിന്റെ പിതാവ് രഞ്ജിത് സിംഗ് ചൗഹാൻ പറഞ്ഞു. പാലംപൂർ എംഎൽഎ ആശിഷ് ബുട്ടൈൽ കുടുംബത്തെ സന്ദർശിച്ച്, വിഷയം മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പുനൽകി. മകനെക്കുറിച്ച് മറ്റ് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിക്കാത്തതിന്റെ ആശങ്കയിലാണ് കുടുംബം ഇപ്പോള്‍.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 1-നാണ് രക്ഷിത് മർച്ചന്റ് നേവിയിൽ ജോലിക്ക് ചേർന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ ജോലി ആയിരുന്നു ഇത്. ‘മരിനേറ’ എന്ന റഷ്യൻ പതാക ഘടിപ്പിച്ച കപ്പലിൽ രക്ഷിത് ഉദ്യോഗസ്ഥനായിരിക്കെ ജനുവരി 7-നാണ് യുഎസ് അധികൃതർ കപ്പൽ തടഞ്ഞുവെച്ചത്.



