യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി; നാടുകടത്തും

ലണ്ടൻ : യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. സോമർസെറ്റിലെ ടോണ്ടനിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29)യ്ക്ക് ആണ് ശിക്ഷ ലഭിച്ചത്. കേസില്‍ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ടോണ്ടൻ ക്രൗൺ കോടതിയാണ് പന്ത്രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിയുടെ പകുതി (ആറ് വർഷം) കഴിയുമ്പോൾ ഇയാളെ യുകെയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
2025 ഒക്ടോബർ 11-ന് രാത്രി 11 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ ടോണ്ടനിലെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. മാനസികമായി തളർന്നിരുന്ന യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. റോഡരികിൽ വിഷമിച്ചിരിക്കുകയായിരുന്ന മുപ്പതുകാരിയായ യുവതിയെ അപരിചിതനായ മനോജ് സമീപിച്ചു. സൗഹൃദം സ്ഥാപിച്ച ഇയാൾ അടുത്തുള്ള കടയിൽ നിന്ന് മദ്യം വാങ്ങി നൽകുകയും തുടർന്ന് പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇയാൾ യുവതിയെ പീഡിപ്പിക്കാൻ പോകുകയാണെന്ന് പറയുന്നതും, ‘ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത്’ എന്ന് യുവതി ആവർത്തിച്ച് അപേക്ഷിക്കുന്നതും പാർക്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. തന്റെ ജീവൻ അപകടത്തിലാണെന്ന ഭയത്തിലാണ് യുവതി ആ സമയം കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
തുടക്കത്തിൽ കുറ്റം നിഷേധിച്ച മനോജ്, ശാസ്ത്രീയമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിരത്തിയതോടെ കോടതിയിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇത് ആസൂത്രിതമായിരുന്നെന്ന് ജഡ്ജി സ്റ്റീഫൻ ക്ലൈമി നിരീക്ഷിച്ചു. നിസ്സഹായയായ ഒരു സ്ത്രീയെയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് ഡിറ്റക്ടീവ് കോൺസ്റ്റബിൾ അമൻഡ ജോൺസൺ പറഞ്ഞു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയായ ഒരാളെ പുറത്താക്കാൻ സാധിച്ചതിൽ അവർ അന്വേഷണ സംഘത്തെയും യുവതിയെ സഹായിച്ച നാട്ടുകാരെയും അഭിനന്ദിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാൾക്ക് പിന്നീട് യുകെയിലേക്ക് മടങ്ങിവരാൻ സാധിക്കാത്ത വിധത്തിലാണ് നാടുകടത്തൽ ഉത്തരവ്.



