ഇസ്താംബൂളിൽ ശക്തമായ കാറ്റിനെ തുടർന്ന് റണ്‍വേയിൽ ലാൻഡ് ചെയ്യാവാതെ ആടിയുലഞ്ഞ വിമാനം വീണ്ടും പറന്നുയർന്നു

ഇസ്താംബൂൾ : ശക്തമായ കാറ്റിനെ തുടർന്ന് റണ്‍വേയിൽ ലാൻഡ് ചെയ്യാവാതെ ആടിയുലഞ്ഞ വിമാനം വീണ്ടും പറന്നുയർന്നു. ഇസ്താംബൂളിലെ സബിഹ ഗോക്കൻ വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ പുറത്തുവന്നു. പെഗാസസ് എയർലൈൻസിന്റെ എയർബസ് എ320നിയോ വിമാനമാണ് ശക്തമായ കാറ്റിൽ ലാൻഡ് ചെയ്യാനാവാതെ വലഞ്ഞത്.
തുർക്കിയുടെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് ഇസ്താംബൂളിൽ, കഴിഞ്ഞ ദിവസങ്ങളിൽ കഠിനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയും ശക്തമായ കാറ്റും ദൈനംദിന ജീവിതത്തെയും വ്യോമഗതാഗതത്തെയും സാരമായി തടസ്സപ്പെടുത്തി. കൊടുങ്കാറ്റ് മേഖലയിൽ നാശം വിതച്ചതിനാൽ നിരവധി വിമാനങ്ങൾ കാലതാമസം നേരിട്ടു. ഇസ്താംബുളിലെ വിമാനത്താവളത്തിൽ വിമാനം റൺവേയിലേക്ക് അടുക്കുമ്പോൾ, ശക്തമായ കാറ്റിന്റെ ആഘാതത്തിൽ വിമാനം ആടിയുലഞ്ഞു. ഇത് ലാൻഡിംഗ് സുരക്ഷിതമല്ലാതാക്കി. ആ നിർണായക ഘട്ടത്തിൽ അപകടകരമായ ലാൻഡിംഗ് ഒഴിവാക്കി പൈലറ്റ് സമയോചിതമായി പ്രവർത്തിച്ചു.
ഇസ്താബൂളിൽ മാത്രമല്ല മർമര, ഈജിയൻ മേഖലകളിൽ കാലാവസ്ഥ മോശമായി. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ചനക്കലെയിൽ ശക്തമായ കാറ്റ് കാരണം ഡാർഡനെല്ലെസിലൂടെയുള്ള കപ്പൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. നിരവധി ഫെറി സർവീസുകളും റദ്ദാക്കി. അയൽ പ്രവിശ്യയായ എഡിർണിൽ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമായി. പടിഞ്ഞാറൻ നഗരമായ ഇസ്മിറിലെ മത്സ്യത്തൊഴിലാളികൾ കടൽക്ഷോഭം കാരണം തുറമുഖത്ത് തന്നെ തുടർന്നു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ കാത്തിരുന്നു. കരിങ്കടൽ തീരത്തും കൊടുങ്കാറ്റ് എത്തി. സാംസണിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.



