കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇൻറലിജൻസ് ബ്യൂറോ
കേരളത്തിലെ ഡാമുകള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇൻറലിജൻസ് ബ്യൂറോ റിപ്പോർട്ട്. ചെറുതും വലുതുമായ 14 ഡാമുകള്‍ക്കാണ് സുരക്ഷാ ഭീഷണി. ഈ സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ ഏല്‍പിച്ചേക്കുമെന്ന് റിപോര്‍ടില്‍ പറയുന്നു.
റിപോര്‍ടിനെ തുടര്‍ന്ന്, ഇടുക്കി റിസര്‍വോയറിനും അനുബന്ധ ഡാമുകള്‍ക്കും അടിയന്തരമായി സുരക്ഷ കൂട്ടാന്‍ ആലോചനയുണ്ട്. ഡാമുകളുടെ സുരക്ഷാ വിഷയത്തില്‍, സര്‍കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് സമീപം മാവോയിസ്റ്റ് സംഘത്തെ കണ്ടതായി റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ, വൈകാതെ 14 ഡാമുകളിലേക്കും ഡിപ്ലോയ്മെന്റുണ്ടാകും. സായുധ പൊലീസ് സംഘത്തെയാകും ഇവിടെയെല്ലാം നിയോഗിക്കുകയെന്നാണ് വിവരം.
കേരളത്തിനും തമിഴ്‌നാടിനും താല്‍പ്പര്യമുള്ള സുപ്രധാന സുരക്ഷാ സംവിധാനമായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു ഡെപ്യൂടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 124 അംഗ പൊലീസ് സംഘമാണ് സംരക്ഷണം നല്‍കുന്നത്.
ഡാമില്‍ അട്ടിമറി ശ്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക സുരക്ഷാ കവചം ആവശ്യമുള്ള സുപ്രധാന അണക്കെട്ടുകളില്‍ ഒന്നാണ് ഇടുക്കി എച്‌ഇപി എന്ന വിവരം ഐബി സംസ്ഥാനത്തോട് നേരത്തെ തന്നെ പങ്കുവച്ചിരുന്നു. ഇടുക്കി ആര്‍ച് ഡാം, ചെറുതോണി ഗ്രാവിറ്റി ഡാം, കല്ലാര്‍ ഡാം, ഇരട്ടയാര്‍ ഡാം, കുളമാവ് അണക്കെട്ട്, കുളമാവ് സര്‍ജ് ഷാഫ്റ്റ്, കുളമാവ് ഇന്‍ടേക്, വാഴത്തോപ്പ് കോളനി എന്നിവയുള്‍പെടെ ഇടുക്കി എച്‌ഇപിയുടെ വിശദമായ ഓഡിറ്റ് എസ്‌ഐഎസ്‌എഫ് അടുത്തിടെ നടത്തിയിരുന്നു.
യുവധാര ന്യൂസ്