സിറിയയിൽ പുതുവത്സരാഘോഷത്തിനിടെ ചാവേർ സ്ഫോടനം; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

ഡമസ്കസ് : സിറിയയുടെ വടക്കൻ നഗരമായ അലപോയിൽ പുതുവത്സരാഘോഷത്തിനിടെ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.
നഗരത്തിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പട്രോളിങ്ങിനിടെ ചാവേറിനെ കണ്ടെത്തിയിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടതെന്ന് അലപോ ഗവർണർ അസ്സാം അൽ ഗാരിബ് പറഞ്ഞു.
ക്രിസ്ത്യൻ മേഖലയിലേക്ക് പ്രവേശിക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണ ഭീഷണിയെ തുടർന്ന് രാജ്യത്ത് പുതുവത്സരാഘോഷങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച ഹോംസ് നഗരത്തിലെ അലവൈറ്റ് വിഭാഗത്തിന്റെ മസ്ജിദിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് എട്ടു പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. സാരായ അൻസാറുൽ സുന്ന എന്ന ഗ്രൂപ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു



