പടിഞ്ഞാറൻ ജർമനിയിൽ ഹോളിവുഡ് സിനിമ മോഡൽ ബാങ്ക് കവർച്ച

ഗെൽസെൻകിർചെൻ : പടിഞ്ഞാറൻ ജർമനിയിലെ ബാങ്കിൽ വൻ കവർച്ച. ഡ്രിൽ ഉപയോഗിച്ച് തുരന്ന് അകത്തുകയറിയ മോഷ്ടാക്കൾ 30 ദശലക്ഷം യൂറോ (ഏകദേശം 270 കോടി രൂപ) കവർന്നു. വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. ഹോളിവുഡ് സിനിമയായ ‘ഓഷ്യൻസ് ഇലവൻ’ (Ocean’s Eleven) പോലെ വളരെ പ്രൊഫഷണലായി ആസൂത്രണം ചെയ്ത മോഷണമാണെന്ന് പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
ഗെൽസെൻകിർചെൻ നഗരത്തിലെ സ്പാർകാസെ ബാങ്കിലാണ് മോഷണം നടന്നത്. പണം, സ്വർണം, ആഭരണങ്ങൾ എന്നിവ അടങ്ങിയ മൂവായിരത്തിലധികം സേഫ് ഡിപ്പോസിറ്റ് ലോക്കറുകൾ മോഷ്ടാക്കൾ തകർത്തു. തിങ്കളാഴ്ച പുലർച്ചെ ബാങ്കിൽ ഫയർ അലാറം മുഴങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിലവിൽ ആരെയും പിടികൂടാനായിട്ടില്ലെന്നും പ്രതികൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ബാങ്കിലെ 95% ലോക്കറുകളും മോഷ്ടാക്കൾ തകർത്തതായും അതിനാൽ മിക്ക ഉപഭോക്താക്കളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ഓരോ ലോക്കറിനും 10,300 യൂറോ വരെ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് ഉപഭോക്താക്കളെ ബാങ്ക് അറിയിച്ചു.



