ഇംഗ്ലണ്ടിലെ ഹാനിംഗ്ഫീൽഡ് റിസർവോയറിലേക്ക് വിമാനം ഇടിച്ചിറക്കി പൈലറ്റ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

ചെംസ്ഫോർഡ് : ഇംഗ്ലണ്ടിലെ എസെക്സിലുള്ള ഹാനിംഗ്ഫീൽഡ് റിസർവോയറിലേക്ക് സ്വകാര്യ വിമാനം ഇടിച്ചിറക്കി പൈലറ്റ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഡിസംബർ 28 ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിന് പിന്നാലെ പൈലറ്റിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് ഇത് അപകടമല്ലെന്നും മനഃപൂർവ്വമായ പ്രവൃത്തിയാണെന്ന് പൊലീസിന് സൂചന ലഭിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് ‘ബീഗിൾ ബി121 പപ്പ്’ എന്ന സ്വകാര്യ വിമാനം തടാകത്തിലേക്ക് ഡൈവ് ചെയ്ത് ഇറങ്ങിയത്. നോർത്ത് വീൽഡ് എയർഫീൽഡിൽ നിന്ന് 11.54-ഓടെ പറന്നുയർന്ന വിമാനം സൗത്തെൻഡ് എയർപോർട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപ് വിമാനം അപ്രതീക്ഷിതമായി തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പൈലറ്റ് മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്.
അപകടത്തെത്തുടർന്ന് എസെക്സ് പൊലീസും എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും സംയുക്തമായി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പുകൾ അദ്ദേഹം സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നതിലേക്ക് വിരൽ ചൂണ്ടുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. “അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, സാങ്കേതിക തകരാറുകളുണ്ടോ അതോ പൈലറ്റിന്റെ മാനസികാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്,” എസെക്സ് പോലീസ് ചീഫ് സൂപ്രണ്ട് വാഹിദ് ഖാൻ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട വിമാനം വളരെ മികച്ച രീതിയിൽ പരിപാലിക്കപ്പെട്ടിരുന്ന ഒന്നാണെന്ന് വിമാന വില്പന കമ്പനികൾ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 55 ലക്ഷം രൂപയോളം വിപണി വിലയുള്ള ഈ വിമാനം പറത്താൻ ഏറെ എളുപ്പമുള്ള ഒന്നായാണ് കരുതപ്പെടുന്നത്. ഇത്രയും മികച്ച ഒരു വിമാനം അപകടത്തിൽപ്പെട്ടത് വ്യോമയാന മേഖലയിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ തടാകത്തിന് ചുറ്റുമുള്ള റിസർവോയർ പാർക്ക് അധികൃതർ അടച്ചുപൂട്ടി. നിരവധി പേർ അപകടസ്ഥലത്ത് പൂക്കൾ അർപ്പിച്ചു.



