ദേശീയം

ആൾക്കൂട്ട ആക്രമണത്തിന് വിധേയനായ വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ത്രിപുരയില്‍ വന്‍പ്രതിഷേധം

ഡെറാഡൂണ്‍ : വംശീയാധിക്ഷേപം നടത്തുകയും ക്രൂരമര്‍ദനത്തിനിരയാക്കുകയും ചെയ്ത വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ത്രിപുരയില്‍ വന്‍പ്രതിഷേധം. എയ്ഞ്ചല്‍ ചക്മ(24) എന്ന വിദ്യാര്‍ഥിയാണ് ആറംഗ സംഘത്തിന്റെ ക്രൂര മര്‍ദനത്തിനിരയായത്. മണിപ്പൂരില്‍ ജോലി ചെയ്യുന്ന ബിഎസ്എഫ് ജവാനായ തരുണ്‍ ചക്മയുടെ മക്കളായ എയ്ഞ്ചലിനേയും മൈക്കിളിനേയുമാണ് ഈ സംഘം ചൈനീസ് എന്ന് വിളിച്ച് മര്‍ദിച്ചത്.

എന്നാല്‍ താന്‍ ഇന്ത്യക്കാരനാണെന്ന് കേണ് പറഞ്ഞിട്ടും മാരകായുധങ്ങളുമായി ആക്രമിച്ച സംഘം കഴുത്തിലാണ് ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. തടയാന്‍ ശ്രമിച്ച മൈക്കിളിനേയും മുറിവേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എയ്ഞ്ചല്‍ 17 ദിവസം ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടു. ക്രിസ്മസിന്റെ പിറ്റേ ദിവസമാണ് മരിക്കുന്നത്. സഹോദരന്‍ മൈക്കിളും ചികിത്സയിലാണ്.

ഡെറാഡൂണിലെ സ്വകാര്യ സര്‍വകലാശാലയില്‍ എംബിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു എയ്ഞ്ചല്‍. ഓള്‍ ഇന്ത്യ ചക്മ സ്റ്റുഡന്റ് യൂണിയന്റേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും സമ്മര്‍ദത്തിന് ശേഷമാണ് നടപടിയുണ്ടായതെന്നും അതുവരെ പൊലീസ് കേസെടുക്കാന്‍ വിസമ്മതിച്ചെന്നുമാണ് പിതാവിന്റെ ആരോപണം.

മരണശേഷം കൊലക്കുറ്റം ചുമത്തി. തുടര്‍ന്ന് കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത 2 പ്രതികളെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. നേപ്പാള്‍ സ്വദേശിയായ ഒരു പ്രതിയെ ഇനിയും പിടികൂടാനായില്ല. ഇയാളെ പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. എയ്ഞ്ചലിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button