റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതി : ട്രംപ്

ഫ്ലോറിഡ : റഷ്യ – യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും പറയുമ്പോഴും സമാധാന പ്രക്രിയയിലെ പ്രധാന തർക്കവിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ കൂടിക്കാഴ്ചയിൽ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ഏതാനും സങ്കീർണ്ണമായ വിഷയങ്ങളുണ്ടെന്നും വളരെ കഠിനമായവയാണെന്നും കൂടിക്കാഴ്ചയ്‌ക്കു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് തന്നെ വ്യക്തമാക്കുകയും ചെയ്തു. ഡോൺബാസിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്ന കാര്യത്തിൽ ഇപ്പോഴും ധാരണയിലെത്താൻ സാധിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. 20 ഇന സമാധാന പദ്ധതിയുടെ 90 ശതമാനത്തിലും ധാരണയായി എന്നാണ് ചർച്ചയ്ക്കു മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. ചർച്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലും സെലെൻസ്കി അതു തന്നെയാണ് ആവർത്തിച്ചത്.
ഭൂപ്രദേശത്തിന്റെ വിഷയം പരിഹരിക്കപ്പെടാത്ത ഒന്നാണ് എന്നും എന്നാൽ അത് പരിഹരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. പ്രധാന വിഷയങ്ങളിലൊന്നായ ഭൂപ്രദേശത്തിന്റെ കാര്യത്തിൽ സ്വന്തം നിലപാടിൽ റഷ്യയും യുക്രെയ്‌നും ഉറച്ചുനിൽക്കുകയാണ്. സമാധാന പദ്ധതിയിലെ പ്രധാന തർക്കവിഷയങ്ങളിലൊന്നും ഇതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡോൺബാസിന്റെ കാര്യത്തിൽ യുക്രെയ്‌ന്റെ നിലപാട് റഷ്യയുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് ട്രംപിന്റെ സാന്നിധ്യത്തിൽ സെലെൻസ്കി വ്യക്തമാക്കുകയും ചെയ്തു. ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സുരക്ഷാ ഗ്യാരന്റികൾ ഉൾപ്പെടെ ചർച്ച ചെയ്ത എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനമെടുക്കാൻ തങ്ങളുടെ ടീമുകൾ തുടർന്നും പ്രവർത്തിക്കുമെന്ന് സെലെൻസ്കി പറഞ്ഞതും 20 ഇന സമാധാന പദ്ധതിയിലെ മിക്ക വിഷയങ്ങളിലും ഇപ്പോഴും പരിഹാരമായിട്ടില്ല എന്ന സൂചനയാണ്.



