യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജോലിസ്ഥലത്ത് വംശീയാധിക്ഷേപം; യുകെയിൽ ഇന്ത്യൻ പൗരന് 81 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് തൊഴിൽ ട്രൈബ്യൂണൽ

ലണ്ടൻ : ജോലിസ്ഥലത്ത് വംശീയ വിവേചനവും അന്യായമായ പിരിച്ചുവിടലും നേരിട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ പൗരന് യുകെ തൊഴിൽ ട്രൈബ്യൂണൽ 66,800 പൗണ്ട് (ഏകദേശം 81 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചു. തമിഴ്‌നാട് സ്വദേശിയായ മധേഷ് രവിചന്ദ്രനാണ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിട്ടത്. നെക്‌സസ് ഫുഡ്‌സ് ലിമിറ്റഡിലെ എല്ലാ ജീവനക്കാരും തൊഴിലിടങ്ങളിലെ വിവേചനം സംബന്ധിച്ച പരിശീലനത്തിന് വിധേയരാകണമെന്നും ട്രൈബ്യൂണല്‍ ശുപാർശ ചെയ്തു.

മധേഷ് രവിചന്ദ്രൻ 2023 ജനുവരിയിലാണ് വെസ്റ്റ് വിക്ക്ഹാമിലെ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. തന്റെ മാനേജർ ‘അടിമ’ എന്ന് വിളിക്കുന്നത് ഉൾപ്പെടെയുള്ള വംശീയാധിക്ഷേപങ്ങൾക്ക് ഇരയാക്കിയെന്നും, അധികസമയം ജോലി ചെയ്യാൻ നിർബന്ധിച്ചെന്നും മധേഷ് പറഞ്ഞു. ജോലിയിൽ പ്രവേശിച്ച് ഏകദേശം രണ്ടു മാസത്തിന് ശേഷം തനിക്ക് വാർഷിക അവധി നിഷേധിക്കപ്പെട്ടതായി മധേഷ് ട്രൈബ്യൂണലിനോട് പറഞ്ഞു. തന്റെ മാനേജരായ കാജൻ തെയ്‌വേന്തിരം, ശ്രീലങ്കൻ തമിഴ് വംശജരായ ജീവനക്കാർക്ക് മുൻഗണന നൽകുമെന്ന് മറ്റൊരു ജീവനക്കാരനോട് പറയുന്നതും ‘ഈ അടിമ’ എന്ന് തന്നെ വിശേഷിപ്പിക്കുന്നതും കേൾക്കാനിടയായി.

ഈ പരാമർശങ്ങളെയും മോശം പെരുമാറ്റത്തെയും കുറിച്ച് പരാതി നൽകിയിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ശരിയായ അന്വേഷണം ഉണ്ടാകാത്തതിനെ തുടർന്ന് ജോലി രാജിവെച്ചു. മധേഷിന്റെ അവധി അപേക്ഷ നിരസിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ വംശം ഒരു പ്രധാന ഘടകമായിരുന്നുവെന്നും, ഈ പെരുമാറ്റം അദ്ദേഹത്തെ ദുഃഖിതനും അപമാനിതനും ആക്കിയെന്നും കണ്ടെത്തിയ ട്രൈബ്യൂണൽ ജഡ്ജി പോൾ ആബട്ട്, അദ്ദേഹം വംശീയ വിവേചനത്തിനും അധിക്ഷേപത്തിനും ഇരയായെന്നും, പിരിച്ചുവിടൽ അന്യായമായിരുന്നുവെന്നും വിധിച്ചു.

മാനേജരുടെ വംശീയ മുൻവിധിയോടുകൂടിയ മനോഭാവത്തെ തുടർന്ന് തനിക്ക് അധികസമയം ജോലി ചെയ്യേണ്ടി വന്നുവെന്ന മധേഷിന്റെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ, അദ്ദേഹത്തിന് 66,800 പൗണ്ട് നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button