സെലൻസ്‌കി യുടെ 20 ഇന സമാധാന പദ്ധതിയോട് നിലപാട് വ്യക്തമാക്കി ട്രംപ്

വാഷിങ്ടൺ ഡിസി : യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അവതരിപ്പിക്കാനിരിക്കുന്ന 20 ഇന സമാധാന പദ്ധതിയോട് കർശനമായ നിലപാട് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച ഫ്ലോറിഡയിൽ വെച്ച് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ഈ പ്രതികരണം.
“ഞാൻ അംഗീകരിക്കുന്നത് വരെ അദ്ദേഹത്തിന് (സെലൻസ്‌കിക്ക്) ഒന്നുമില്ല. അതുകൊണ്ട് അദ്ദേഹം എന്ത് പദ്ധതിയുമായാണ് വരുന്നത് എന്ന് നമുക്ക് നോക്കാം,” പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അമേരിക്കയുടെ പിന്തുണയില്ലാതെ ഉക്രൈന്റെ ഒരു നീക്കവും വിജയിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ട്രംപ് ഇതിലൂടെ നൽകിയിരിക്കുന്നത്.
അതേസമയം, സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി താൻ ഉടൻ സംസാരിക്കുമെന്നും അത് തന്റെ ഇഷ്ടപ്രകാരമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. സെലൻസ്‌കിയെ കൂടാതെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഈ വാരാന്ത്യത്തിൽ ട്രംപിനെ സന്ദർശിക്കാനെത്തുന്നുണ്ട്.
“സെലൻസ്‌കിയും ബീബിയും (നെതന്യാഹു) വരുന്നുണ്ട്. അവരെല്ലാം വരും. അവർ ഇപ്പോൾ നമ്മുടെ രാജ്യത്തെ വീണ്ടും ബഹുമാനിക്കുന്നു,” ട്രംപ് പറഞ്ഞു. ലോകനേതാക്കൾ തന്നെ കാണാൻ ക്യൂ നിൽക്കുന്നത് അമേരിക്കയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ട്രംപിന് മുന്നിൽ അവതരിപ്പിക്കാൻ പോകുന്ന 20 ഇന സമാധാന പദ്ധതി 90 ശതമാനം തയ്യാറാണെന്ന് സെലൻസ്‌കി മാധ്യമങ്ങളോട് പറഞ്ഞു. ഉക്രൈന്റെ സുരക്ഷാ ഗ്യാരണ്ടി, സാമ്പത്തിക കരാറുകൾ, സൈനിക വിമുക്ത മേഖല (Demilitarized zone) എന്നിവയാണ് ഈ പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ. റഷ്യൻ സേന പിന്മാറുകയാണെങ്കിൽ കിഴക്കൻ ഉക്രൈനിലെ തന്ത്രപ്രധാനമായ ചില മേഖലകളിൽ നിന്ന് ഉക്രൈൻ സൈന്യത്തെ പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ റഷ്യ പിടിച്ചെടുത്ത ഡോൺബാസ് മേഖലയിലെ ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്ന മോസ്കോയുടെ ആവശ്യം കീവ് വീണ്ടും തള്ളി. ഭാവിയിലെ ഏതൊരു സമാധാന കരാറിലും അമേരിക്കയ്‌ക്കൊപ്പം യൂറോപ്പിന്റെ സാന്നിധ്യം കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും സെലൻസ്‌കി വ്യക്തമാക്കി.
നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചും ട്രംപ് സംസാരിച്ചു. ക്രിസ്ത്യാനികളെ കൊന്നൊടുക്കിയതിട്ടുള്ള മറുപടിയായിരുന്നു അത്. ക്രിസ്മസ് സമ്മാനമായിരിക്കട്ടെ എന്ന് കരുതിയാണ് ആക്രമണം ഒരു ദിവസം വൈകിപ്പിച്ചതെന്നും ഭീകരർ അത് പ്രതീക്ഷിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, സെലൻസ്‌കിയും നെതന്യാഹുവും ട്രംപിനെ കാണുന്നത് ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം. ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ഇടപെടൽ എത്രത്തോളം ഫലപ്രദമാകുമെന്ന് വരും ദിവസങ്ങളിൽ അറിയാം.



