അന്തർദേശീയം

സിറിയയിൽ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്

ഡമാസ്‌കസ് : സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 18 പേർക്ക് പരിക്കേറ്റു. അലാവൈറ്റ് വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്തെ പള്ളിയിലാണ് സ്‌ഫോടനം നടന്നത്. സിറിയയിലെ ഷിയാ മുസ്‌ലിങ്ങളിലെ ന്യൂനപക്ഷ വിഭാഗമാണ് ഇവർ. വെള്ളിയാഴ്ച പ്രാർഥനയ്ക്കിടയിലാണ് പള്ളിയിൽ സ്ഫോടനമുണ്ടായതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. സംഭവം ഭീകരാക്രമണമാണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹോംസിലെ വാദി അൽ ദഹാബ് ജില്ലയിലെ ഇമാം അലിയ്യിബ്‌നു അബീത്വാലിബ് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. പിന്നാലെ സുരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി പള്ളി വളഞ്ഞു. പള്ളിയിൽ സ്‌ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. നടപടി മാനുഷികവും ധാർമികവുമായ മൂല്യങ്ങൾക്കെതിരേയുള്ള ആക്രമണമാണെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇസ്‌ലാമിസ്റ്റ് വിഭാഗം ഭരണം ഏറ്റെടുത്തതിനുശേഷം സിറിയയിൽ ഒരുവർഷത്തിനിടെ ആരാധനാലയത്തിലുണ്ടയ രണ്ടാമത്തെ സ്‌ഫോടനമാണിത്. കഴിഞ്ഞ ജൂണിൽ ഡമാസ്‌കസിലെ ഒരു പള്ളിയിൽ ചാവേർ സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button