കര്‍ണാടക ചിത്രദുര്‍ഗയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 17 മരണം

ബംഗളൂരു : കര്‍ണാടകയില്‍ വന്‍ വാഹനാപകടം. ചിത്രദുര്‍ഗ ജില്ലയിലെ ഗോര്‍ലത്തു ഗ്രാമത്തിന് സമീപം ലോറിയും ബസും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബംഗളൂരു – പൂനെ ദേശീയ പാത 48 ല്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ലോറിയുമായുണ്ടായ കൂട്ടിയിടിയില്‍ സ്ലീപ്പര്‍ കോച്ച് ബസിന് തീപിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കിലെ ഗോര്‍ലത്തു ക്രോസിന് സമീപത്ത് വച്ചായിരുന്നു അപകടം. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
ഹിരിയൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡര്‍ മറികടന്ന് മറുവശത്തുനിന്നു വന്ന ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ലീപ്പര്‍ കോച്ച് ബസ് റോഡിന്റെ മധ്യത്തില്‍ വെച്ച് തീപിടിച്ചു. ബെംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്. പ്രാഥമിക വിവരം അനുസരിച്ച് ബസില്‍ 15 സ്ത്രീകളും 14 പുരുഷന്മാരും യാത്ര ചെയ്തിരുന്നു. 32 സീറ്റുള്ള ബസില്‍ ആകെ 29 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് നിഗമനം.



