യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഇന്ത്യക്കാർ ലണ്ടൻ തെരുവുകൾ വൃത്തികേടാകുന്നു; പാൻ മസാലയും ഗുഡ്കയും പൂർണ്ണമായും നിരോധിക്കണം : കൗൺസിൽ

ലണ്ടൻ : വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവരില്‍ പല രാജ്യങ്ങളിൽ നിന്നായി കുടിയേറിയ ആളുകളുടെ മോശം പെരുമാറ്റം കാണിക്കുന്ന പല വീഡിയോകളും അടുത്തിടെയായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചില ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലെ പെരുമാറ്റവും ചർച്ചയായിരുന്നു. ഇത്തരത്തില്‍ ലണ്ടനില്‍ നിന്നുള്ള ഒരു വീഡിയോ വൈറലാകുകയാണ്. ലണ്ടനിലെ പ്രശസ്തമായ വെംബ്ലിയിലെ തെരുവുകളിൽ നിറയെ ഗുഡ്ക മുറുക്കിത്തുപ്പിയ പാടുകളാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകയായ ബ്രൂക്ക് ഡേവിസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

പാൻ മസാലയും ഗുഡ്കയും ചവച്ച് തുപ്പിയതിനെത്തുടർന്ന് തെരുവോരങ്ങളിലും ചുവരുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന തവിട്ടുനിറത്തിലുള്ള കറകൾ വീഡിയോയില്‍ കാണാം. വെംബ്ലിയിലെ തെരുവുകളിലൂടെ നടന്ന് ഓരോ ചുവടിലും കാണുന്ന ഗുഡ്ക കറകൾ അവർ എണ്ണി തിട്ടപ്പെടുത്തുന്നുണ്ട്. വെറും 30 മിനിറ്റിനുള്ളിൽ 50ലധികം കറകളാണ് അവർ കണ്ടെത്തിയത്. കടയുടമകളും താമസക്കാരും ഈ വൃത്തിഹീനമായ അവസ്ഥയിൽ സഹികെട്ടിരിക്കുകയാണെന്നും തങ്ങളുടെ വീടിന്‍റെയും സ്ഥാപനങ്ങളുടെയും മുൻവശം കഴുകി വൃത്തിയാക്കി മടുത്തുവെന്നും വീഡിയോയിൽ പറയുന്നു.

ഈ വിഷയത്തിൽ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പ്രാദേശിക ഭരണകൂടമായ ബ്രെന്‍റ് കൗൺസിൽ. പാൻ മസാലയും ഗുഡ്കയും പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യുകെ സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. തെരുവുകളുടെ ശുചിത്വം നിലനിർത്താൻ മറ്റ് മാർഗ്ഗമില്ലെന്നാണ് അധികൃതരുടെ നിലപാട്.

വീഡിയോയില്‍ ഇന്ത്യക്കാരാണ് ഇത് ചെയ്തതെന്ന് പറയുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ‘ഇത് വലിയ നാണക്കേട്’ ആണെന്നാണ് വീഡിയോ വൈറലായതോടെ ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിക്കുന്നത്. ‘ഇത് ഞങ്ങളെ വളരെയധികം നാണം കെടുത്തുന്നു’ എന്നാണ് ഒരു ഇന്ത്യക്കാരൻ കമന്‍റ് ചെയ്തത്. സ്വന്തം രാജ്യത്തെ പോലും പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മറ്റൊരാൾ കുറിച്ചു. പാൻ നിരോധിക്കുന്നതിന് പകരം പൊതുസ്ഥലത്ത് തുപ്പുന്നവർക്ക് വലിയ തുക പിഴ ചുമത്തുകയോ ജയിലിലടയ്ക്കുകയോ വേണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. ശുചിത്വബോധമില്ലാത്ത ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാൻ പാൻ നിരോധനം തന്നെയാണ് നല്ലതെന്ന് ഭൂരിഭാഗം ഇന്ത്യക്കാരും പ്രതികരിച്ചു. ലണ്ടനിലെ തെരുവുകളെ വൃത്തികേടാക്കുന്ന ഈ പ്രവണതയ്ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പ്രവാസി ഇന്ത്യക്കാര്‍ക്കിടയിൽ തന്നെ ശക്തമാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button