ഇന്ത്യൻ യുവതി കാനഡയിലെ ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; പങ്കാളിക്കായി തിരച്ചിൽ

ടൊറന്റോ : കാനഡയിൽ ഇന്ത്യൻയുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ടൊറന്റോയിലെ താമസക്കാരിയായ ഹിമാൻഷി ഖുറാന എന്ന മുപ്പതുകാരിയെയാണ് സ്വന്തംവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകിയെന്ന് സംശയിക്കുന്ന അബ്ദുൾ ഗഫൂരി(32)ക്കുവേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു. അബ്ദുൾ ഗഫൂരിയും ടൊറന്റോയിലെ താമസക്കാരനാണെന്നാണ് വിവരം.
ഡിസംബർ 19-ാം തീയതി രാത്രിയാണ് ഹിമാൻഷിയെ കാണാനില്ലെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെ നടത്തിയ തിരച്ചിലിൽ പിറ്റേന്ന് രാവിലെ ആറരയോടെ ഇവരെ സ്വന്തം താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ടൊറന്റോ പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഹിമാൻഷിയുടെ മരണം കൊലപാതകമാണെന്നും ഹിമാൻഷിയും അബ്ദുൾ ഗഫൂരിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ടൊറന്റോ പോലീസ് വക്താവ് അറിയിച്ചു. കൊലപാതകിയെന്ന് സംശയിക്കുന്ന അബ്ദുൾ ഗഫൂരിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.



