നടിയെ ആക്രമിച്ച കേസ് : നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദീലിപിനെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശിപാർശ സർക്കാർ അംഗീകരിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പിൽ നൽകും. ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് പ്രോസിക്യൂഷൻ വാദം.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടറും സ്പെഷ്യൽ പ്രോസിക്യൂട്ടറും നൽകിയ ശിപാർശ സാങ്കേതികമായി സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ഇതിൽ നേരത്തെ തന്നെ അപ്പീൽ പോകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഏകദേശം 1500 ഓളം പേജുകൾ വരുന്ന വിധിപ്പകർപ്പാണ് കോടതി പുറത്തിറക്കിയിരുന്നത്. ഇത് പൂർണമായും വായിച്ചു പഠിച്ചതിന് ശേഷമാണ് അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.
പ്രധാനപ്പെട്ട ഡിജിറ്റൽ തെളിവുകൾ പരിഗണിക്കാതെ നിസാരമായി തള്ളിക്കളയുകയായിരുന്നു എന്ന വാദമാണ് പ്രധാനമായും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തിച്ചു എന്നതായിരുന്നു സംവിധായകൻ ബാലൻചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. അത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ഉണ്ടായിരുന്നു എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപിന്റെ അനൂപിന്റെ ഫോണിൽ നിന്ന് ഈ ദൃശ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഇത് വിചാരണ കോടതി വേണ്ട വിധത്തിൽ പരിഗണിച്ചിട്ടില്ല എന്ന കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.



