വെനസ്വേലയിൽ നിന്ന് ക്രൂഡോയിലുമായി പുറപ്പെട്ട കപ്പൽ പിടിച്ചെടുത്ത് യുഎസ് സൈന്യം

വാഷിങ്ടൺ ഡിസി : വെനസ്വേലയിൽ നിന്ന് ക്രൂഡോയിലുമായി പുറപ്പെട്ട കപ്പൽ യു.എസ് സൈന്യം പിടിച്ചെടുത്തു. സെഞ്ചുറീസ്’ (Centuries) എന്ന എണ്ണക്കപ്പൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ചാണ് പിടിച്ചെടുത്തത്. വെനസ്വേലൻ എണ്ണക്കപ്പലുകൾക്ക് മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരുമാസത്തിനിടെ ഇത് രണ്ടാമത്തെ സമാന നടപടിയാണ് വെനസ്വേലയ്‌ക്കെതിരെ യുഎസ് സ്വീകരിക്കുന്നത്.
ഈമാസം പത്തിന് ഇറാനുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന എണ്ണക്കപ്പൽ യു.എസ് ഇതേപോലെ പിടിച്ചെടുത്തിരുന്നു. ഈ കപ്പലിന്റെ ഉടമസ്ഥരായ കമ്പനിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ, ഇത്തവണ പിടികൂടിയ കപ്പലിനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടില്ല.
യുഎസ് കോസ്റ്റ്ഗാർഡ്, സൈന്യം എന്നിവയുടെ സഹായത്തോടെയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. യുഎസ് ഹെലികോപ്റ്ററുകൾ കപ്പലിന്റെ ഡെക്കിൽ ഇറങ്ങുന്നതും പ്രത്യേക ദൗത്യസംഘം കപ്പൽ നിയന്ത്രണത്തിലാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വെനസ്വേലയിൽ നിന്ന് പുറത്തേക്കോ തിരിച്ച് വെനസ്വേലയിലേക്കോ എണ്ണക്കപ്പലുകളെ സഞ്ചരിക്കാൻ അനുവദിക്കില്ല എന്നതാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഇത്തവണ പിടികൂടിയത് പനാമയുടെ പതാക സ്ഥാപിച്ചിട്ടുള്ള കപ്പലാണ്. ഏതെങ്കിലും ഏഷ്യൻ രാജ്യത്തേയ്ക്കായിരിക്കാം കപ്പൽ പുറപ്പെട്ടത് എന്നാണ് യുഎസ് പറയുന്നത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തിനും ഭീകരപ്രവർത്തനങ്ങൾക്കും പണം കണ്ടെത്താനായി ക്രൂഡോയിലെ ഉപയോഗിക്കുന്നുവെന്നാണ് യു.എസ് വാദിക്കുന്നത്. അതേസമയം യു.എസിന്റെ നടപടി മോഷണമെന്ന് വെനസ്വേല വിശേഷിപ്പിച്ചു. തങ്ങളുടെ വിഭവങ്ങൾ മോഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ വെനസ്വേല, ഇതിനെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ പരാതി നൽകുമെന്നും അറിയിച്ചു. ഈ പ്രവൃത്തികൾക്ക് അമേരിക്ക ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും വെനസ്വേലൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
വെനസ്വേലയ്‌ക്കെതിരെ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. വെനസ്വല യു.എസിലേക്ക് ലഹരി മരുന്നുകൾ കടത്തുന്നുവെന്നാണ് യുഎസ് സർക്കാർ വാദിക്കുന്നത്. എന്നാൽ, ഈ കപ്പലുകൾ മയക്കുമരുന്ന് കടത്തുകയായിരുന്നു എന്നതിന് കൃത്യമായ പൊതുതെളിവുകൾ അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച മയക്കുമരുന്ന് കടത്തുകാരെന്ന് ആരോപിച്ച് യുഎസ് നടത്തിയ സൈനിക നീക്കത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു.



