കേരളം

നടൻ ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി : മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. അങ്ങേയറ്റം വൈകാരിക നിമിഷങ്ങൾക്കാണ് കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത്. മക്കളായ വിനീതും ധ്യാനും അന്ത്യകർമങ്ങൾ നിർവഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ഒരേസമയം മലയാളത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെ പേനയും പേപ്പറും നെഞ്ചോട് ചേർത്താണ് ആത്മസുഹൃത്ത് സത്യൻ അന്തിക്കാട് യാത്രയാക്കിയത്. അവാസാനമായി പ്രിയ താരത്തെ ഒരു നോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ശനിയാഴ്ച എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിനും ജനസാ​ഗരമാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.

രാഷ്ട്രീയ – സിനിമ- സാംസ്കാരിക രം​ഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. മലയാളികളുടെ മുഴുവൻ ഇഷ്ടവും നെഞ്ചിലേറ്റിയാണ് ശ്രീനിവാസൻ മടങ്ങുന്നത്. ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിട പറഞ്ഞതു പോലെയാണ് ശ്രീനിവാസന്റെ വിയോ​ഗം മലയാളികളിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം.

ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ മരണം സ്ഥിരീകരിച്ചു. മലയാളിയുടെ ഏത് ജീവിത സാഹചര്യത്തിലും ഉപയോ​ഗിക്കാൻ പറ്റുന്ന ഒട്ടേറെ ഡയലോ​ഗുകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടാണ് അദ്ദേഹത്തിന്റെ മടക്കം. 2012 ലാണ് കണ്ടനാട്ടെ വീടിരിക്കുന്ന സ്ഥലവും ഏക്കറുകള്‍ പരന്നു കിടക്കുന്ന തരിശായ പാടശേഖരങ്ങളും ശ്രീനിവാസന്‍ വാങ്ങുന്നത്.

തരിശുപാടങ്ങളെ കൃഷിനിലങ്ങളാക്കി. കണ്ണൂര്‍ പാട്യം സ്വദേശിയായ ശ്രീനിവാസന്‍ പിഎ ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1984 ല്‍ പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വര്‍ഷം നീണ്ട സിനിമാജീവിതത്തില്‍ 54 സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ശ്രീനിവാസന്‍ 2 ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

54 ല്‍ 32 സിനിമകള്‍ സത്യന്‍ അന്തിക്കാടിനും പ്രിയദര്‍ശനും വേണ്ടിയായിരുന്നു. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ല്‍ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.1989 ല്‍ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മഴയെത്തും മുന്‍പേ, സന്ദേശം എന്നീ സിനിമകള്‍ക്ക് തിരക്കഥകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button