പുതു ചരിത്രമെഴുതി ശരീരം തളർന്നു വീൽചെയറിലായ ജർമൻകാരിയായ എൻജിനീയറുടെ ബഹിരാകാശയാത്ര

വാഷിങ്ടൺ ഡിസി : 7 വർഷം മുൻപു മൗണ്ടൻ ബൈക്കിങ്ങിനിടെ അപകടത്തിൽ പരുക്കേറ്റു ശരീരം തളർന്നു വീൽചെയറിലായെങ്കിലും മിഖയ്‌ല ബെന്റ്ഹോസിന്റെ ബഹിരാകാശ സ്വപ്നങ്ങൾ അസ്തമിച്ചതേയില്ല. വീൽചെയർ പിന്നിലുപേക്ഷിച്ച് ബഹിരാകാശ കാപ്സ്യൂളിൽ ഇടം പിടിച്ച മിഖയ്‌ലയെയും സഹയാത്രികൻ ഹാൻസിനെയും കൊണ്ട് ബ്ലൂ ഒറിജിൻ റോക്കറ്റ് ശനിയാഴ്ച ടെക്സസിൽനിന്നു കുതിച്ചുയർന്നപ്പോൾ ചരിത്രവും വഴി മാറി. വീൽചെയറിലായ ഒരാളുടെ ബഹിരാകാശയാത്ര ഇതാദ്യമാണ്. 10 മിനിറ്റ് നീണ്ട യാത്രയ്ക്കിടെ, ഭാരമില്ലായ്മയിൽ പാറിനടന്ന് മിഖയ്‌ല ഭൂമിയുടെ ബഹിരാകാശക്കാഴ്ച കൺനിറയെ കണ്ടു.
ജർമൻകാരിയായ മിഖയ്‌ല (33) എൻജിനീയറാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നെതർലൻഡ്സിലെ ഗ്രാജ്വേറ്റ് ട്രെയ്നി പ്രോഗ്രാമിന്റെ ഭാഗമാണിപ്പോൾ. സ്പേസ് എക്സ് കമ്പനിയിലെ മുൻ ജീവനക്കാരനായ ജർമൻകാരൻ ഹാൻസ് കനിങ്സ്മാൻ മിഖയ്‌ലയ്‌ക്കൊപ്പം ബഹിരാകാശ യാത്ര നടത്താനും ഇരുവരുടെയും ടിക്കറ്റിനു പണം മുടക്കാനും തയാറായി.



