നോർത്ത് കരോലിനയിൽ വിമാനം തകർന്ന് 7 മരണം

റലെയ്ഗ് : യുഎസിലെ നോർത്ത് കരോലിനയിൽ ബിസിനസ് ജെറ്റ് തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഏഴ് യാത്രക്കാരും മരിച്ചു. നാസ്‌കാർ ടീമുകളും ഫോർച്യൂൺ 500 കമ്പനികളും ഉപയോഗിക്കുന്ന നോർത്ത് കരോലിനയിലെ ഒരു പ്രാദേശിക വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകിയാണ് അപകടമുണ്ടായത്. വിരമിച്ച നാസ്കർ ഡ്രൈവർ ഗ്രെഗ് ബിഫിളും കുടുംബവും ഉൾപ്പെടെ ഏഴ് പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു. തകർന്നുവീണതിനുപിന്നലെ വിമാനത്തിൽ സ്ഫോടനമുണ്ടാവുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു.
ഗ്രെഗ് ബിഫിൾ നടത്തുന്ന കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സെസ്ന സി 550 വിമാനമാണ് തകർന്നതെന്നാണ് വിവരം. ഷാർലറ്റിൽ നിന്ന് ഏകദേശം 45 മൈൽ (72 കിലോമീറ്റർ) വടക്ക് സ്റ്റേറ്റ്‌സ്‌വില്ലെ റീജിയണൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടെങ്കിലും, തിരികെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് തകർന്നുവീഴുകയായിരുന്നുവെന്ന് നോർത്ത് കരോലിന ഹൈവേ പട്രോൾ അറിയിച്ചു.
അപകടസമയത്ത് ചാറ്റൽ മഴയും മേഘാവൃതമായ അന്തരീക്ഷവും ഉണ്ടായിരുന്നുവെന്ന് അക്യുവെതർ റിപ്പോർട്ട് ചെയ്തു. ഫ്ലൈറ്റ്അവെയർ.കോം പോസ്റ്റ് ചെയ്ത ട്രാക്കിംഗ് ഡാറ്റ പ്രകാരം, രാവിലെ 10 മണിക്ക് ശേഷം വിമാനം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. പക്ഷേ പിന്നീട് തിരിച്ചെത്തി ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണ് തീപിടിച്ചത്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും എഫ്‌എഎയും അന്വേഷണം ആരംഭിച്ചു.



